യുഎസ് സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ കുട്ടികള്‍ വിജയം പങ്കിട്ടു
Saturday, May 28, 2016 11:42 AM IST
വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ യുഎസ് നാഷണല്‍ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായത് രണ്ട് ഇന്ത്യന്‍ വംശജരായ കുട്ടികള്‍. ന്യൂയോര്‍ക്കിലെ ജയ്റാം ഹഥ്വറും ടെക്സസിലെ സായിറെഡ്ഡി ജന്‍ഗയുമാണു ട്രോഫി പങ്കിടുന്നത്. 20 റൌണ്ടുകളിലായി ഒപ്പത്തിനൊപ്പം പോരാടി നിന്ന ഇരുവരും കഠിനമായ വാക്കുകളുടെ സ്പെല്ലിംഗ് പോലും നിഷ്പ്രയാസം പറഞ്ഞു. 40,000 ഡോളര്‍ ആണു ഓരോ വിജയിക്കും ലഭിച്ചത്. ഇത് മൂന്നാം വര്‍ഷമാണു തുടര്‍ച്ചയായി സമ്മാനം ഒന്നിലധികം പേര്‍ പങ്കിടുന്നത്.

കുട്ടികള്‍ എത്ര കഠിനമായ വാക്കുകളുടെ സ്പെല്ലിംഗും പറയുമെന്ന സ്ഥിതി വന്നിരിക്കുന്നതിനാല്‍ റൌണ്ടുകളും സമയവും നിജപ്പെടുത്തുകയാണു അധികൃതര്‍. കുട്ടികളുടെ പ്രകടനത്തെക്കുറിച്ചു ട്വിറ്ററില്‍ നിരവധി പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഈ മിടുക്കന്മാരെ തോല്പിക്കാന്‍ പുതിയ വാക്കുകള്‍ കണ്ടുപിടിക്കേണ്ട അവസ്ഥയാണെന്നു ഒരാള്‍ ട്വീറ്റ് ചെയ്തു. മല്‍സരാര്‍ഥികളുടെ അവസാന പേരുകള്‍ തന്നെ ഇതിനായി ഉപയോഗിക്കാമെന്നു ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള ഇന്ത്യന്‍ പേരുകള്‍ ചൂണ്ടിക്കാട്ടി മറ്റൊരാള്‍ തമാശരൂപേണ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മാതാപിതാക്കള്‍ ഐഐടിയെ കാണുന്നതു പോലെയാണു എന്‍ആര്‍ഐ മാതാപിതാക്കള്‍ സ്പെല്ലിംഗ് ബീ മല്‍സരത്തെ കാണുന്നതെന്നു മറ്റു ചിലര്‍ പ്രതികരിച്ചു.

അവസാന റൌണ്ട് ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. ഇരുവരും ഒറ്റയ്ക്ക് വിജയിയാകാനുള്ള അവസരങ്ങള്‍ അബദ്ധത്തില്‍ പാഴാക്കിയതോടെയാണു ട്രോഫി പങ്കിട്ടു നല്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 18 ചാമ്പ്യന്‍ഷിപ്പുകളില്‍ 14 എണ്ണവും നേടിയത് ഇന്ത്യന്‍ വംശജരായ കുട്ടികളായിരുന്നു. അമേരിക്കന്‍ സ്പെല്ലിംഗ് ബീയിലെ ന്യൂ ഇംഗ്ളണ്ട് പാട്രിയട്ട്സ് എന്നാണു പ്രശസ്തമായ അമേരിക്കന്‍ ഫുട്ബോള്‍ ടീമിന്റെ പേര് ഉദ്ധരിച്ച് ഒരു സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ വിജയികളെ വിശേഷിപ്പിച്ചത്. സന്തോഷം കൊണ്ട് തനിക്ക് വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലെന്നായിരുന്നു ജന്‍ഗയുടെ ആദ്യപ്രതികരണം.

അതേസമയം, ഇന്ത്യന്‍ കുട്ടികള്‍ എങ്ങനെ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി മികവ് തെളിയിക്കുന്നു എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ആദ്യകാല വിജയികള്‍ക്കു ലഭിച്ച അംഗീകാരം നല്കുന്ന ആവേശം, സമപ്രായക്കാരുടെ മുന്നില്‍ സ്വയം തെളിയിക്കാനുള്ള സമ്മര്‍ദം, മുഖ്യധാരയിലേക്കു വരാനുള്ള ആഗ്രഹം, കര്‍ക്കശ സ്വഭാവക്കാരായ മാതാപിതാക്കളുടെ സമ്മര്‍ദം, സമ്മാനത്തുക, സ്കോളര്‍ഷിപ്പ്, ഭാവിയില്‍ ബയോഡേറ്റായില്‍ അഭിമാനത്തോടെ എഴുതാന്‍ പറ്റുന്ന നേട്ടം എന്നിങ്ങനെ നിരവധി കാരണങ്ങളായിരിക്കാം ഇതിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.

ദേശീയ, സംസ്ഥാന തലങ്ങളിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വമ്പന്‍ മല്‍സരങ്ങള്‍ നല്‍കുന്ന ഏറ്റവും കൂടിയ സമ്മാനത്തുക ഇപ്പോള്‍ 50,000 ഡോളറാണ്. നാലാം സ്ഥാനത്തെത്തിയ കൊളറാഡോ സ്വദേശിയായ അമേരിക്കക്കാരനും രാജ്യത്ത് അഭിനന്ദങ്ങള്‍ക്കു പാത്രമായിട്ടുണ്ട്. ഇന്നലെ മുതല്‍ ടിവി ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണു ജന്‍ഗയും ഹഥ്വറും.