ഫോമയുമായി നിസഹകരണം പ്രഖ്യാപിച്ച് ഇന്ത്യ പ്രസ് ക്ളബ് രംഗത്തുവന്നു
Saturday, May 28, 2016 6:15 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയും ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫോമ) നേതൃത്വവും തമ്മിലുള്ള അകല്‍ച്ച മറനീക്കി പുറത്തുവന്നു.

മയാമിയില്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷനില്‍ നിന്നും അമേരിക്കയിലെ മലയാളി മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും അകറ്റി നിര്‍ത്തുന്ന ഫോമ നേതൃത്വത്തിന്റെ നിലപാടാണ് പ്രസ് ക്ളബിനെ നിസഹകരണത്തിനു പ്രേരിപ്പിച്ചത്.

ഇന്ത്യാ പ്രസ് ക്ളബിന്റെ നാഷണല്‍ എക്സിക്യൂട്ടീവിന്റെയും അഡ്വൈസറി ബോര്‍ഡിന്റെയും സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടെയും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യുവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

2007-ല്‍ ഹൂസ്റണില്‍ രൂപംകൊണ്ട് നാളിതുവരെ ഫോമയുടെ നേതൃത്വം പ്രസ് ക്ളബുമായി നിലനിര്‍ത്തിയിരുന്ന പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ബന്ധമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഫോമയുടെ വരുംകാല നേതൃത്വവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച നാഷണല്‍ എക്സിക്യൂട്ടീവിന്റെയും അഡ്വൈസറി ബോര്‍ഡിന്റെയും തീരുമാനം ഇന്ത്യാ പ്രസ് ക്ളബ് ചാപ്റ്ററുകളെ സെക്രട്ടറി ജോര്‍ജ് എം. കാക്കനാട്ട് അറിയിക്കും.