റിഷി നായര്‍ നാഷണല്‍ ജ്യോഗ്രഫിക്ക് ബി 2016 മത്സര വിജയി
Thursday, May 26, 2016 4:45 AM IST
വാഷിംഗ്ടന്‍ ഡിസി: വാഷിംഗ്ടന്‍ ഡിസിയില്‍മെയ് 25-നു നടന്ന നാഷണല്‍ ജ്യോഗ്രഫിക്ക് ബി മത്സരത്തില്‍ റിഷി നായര്‍ക്ക് വിജയ കിരീടം. പന്ത്രണ്ട് വയസുകാരനായ റിഷി നായര്‍ ഫ്ളോറിഡ വില്യംസ് മാഗ്നറ്റ് മിഡില്‍ സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത അവസാന പത്തു പേരില്‍ ഏഴു പേരും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികളായിരുന്നു.

ഒന്നാം സ്ഥാനത്തിനര്‍ഹയായ റിഷി നായരെ കൂടാതെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളായ സകിത് ജോനല്‍ അഗഡ(14) (വെസ്റ് ഫോര്‍ഡ്, മസാചുസെറ്റ്സ്) കപില്‍ നെയ്ഥന്‍ (12) (ഹൂവര്‍ അലബാമ) എന്നിവര്‍ക്കാണ് ലഭിച്ചത്. റിഷി നായര്‍ക്ക് (50,000) സകിത് ജോനന്‍ (25,000) ഡോളര്‍ വീതമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

നാഷണല്‍ ജ്യോഗ്രാഫിക് ബി മത്സരങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്തിനര്‍ഹരാകുന്നത്. ഫൈനല്‍ മത്സരത്തില്‍ ഇര്‍വിംഗ് ടെക്സസില്‍നിന്നുളള പ്രണയ് വരദയും പങ്കെടുത്തിരുന്നു.

അമ്പതു സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംമ്പിയ യുഎസ് അറ്റ്ലാന്റിക്, പസഫിക്ക് ടെറിട്ടറികളിലും ഉള്‍പ്പെട്ട 11,000 സ്കൂളില്‍നിന്നുളള മൂന്നു മില്യന്‍ വിദ്യാര്‍ഥികളില്‍നിന്നാണു റിഷി നായര്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍