റെനി പൌലോസ് ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു
Tuesday, May 17, 2016 6:20 AM IST
ന്യൂയോര്‍ക്ക്: വിവിധ അംഗ സംഘടനകളുടെ പൂര്‍ണ പിന്തുണയോടെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന റെനി പൌലോസ് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.

വിജയിച്ചാല്‍ സംഘടനയുടെയും മലയാളി സമൂഹത്തിന്റേയും ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുമെന്നവര്‍ ഉറപ്പു നല്‍കി. മുന്‍പ് ജോ. സെക്രട്ടറിയായി മത്സരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി ഉജ്വല വിജയം ആവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

ഫോമയുടെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ നന്മയ്ക്കും ഓര്‍ഗനൈസേഷന്റെ നിലനില്പിനും വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുമെന്നു ഉറപ്പുതരുന്നതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

2016-18 ലേക്കു ഫോമയുടെ ഭരണസമിതിയെ തെരഞ്ഞെടുക്കുവാനുള്ള ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി എല്ലായിടങ്ങളിലും നടന്നു വരുന്നു. പാനല്‍ ചേര്‍ന്നുള്ള വിളി, പാനലില്ലാത്ത വിളി, സ്വതന്ത്രമായ വിളി അങ്ങനെ ഫോണ്‍ വിളികളില്‍ക്കൂടെ കാമ്പയിനിംഗ് നടത്തി വരുന്നു. അതോടൊപ്പം ഫേസ്ബുക്കിലും ടിവി ചാനലുകളിലും പത്രങ്ങളിലുമെല്ലാം തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ ഭംഗിയായി നടത്തുന്നുണ്ട്.

ഫോമയുടെ കമ്മിറ്റിയിലേക്കു ഒരു നല്ല ടീമിനെ നിങ്ങള്‍ തെരഞ്ഞെടുക്കണം. തെരഞ്ഞെടുക്കുന്നവര്‍ ഓര്‍ഗനൈസേഷന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും വേണ്ടി ജോലി ചെയ്യുവാന്‍ കഴിവുള്ളവരായിരിക്കണം. ഇലക്ഷന്റെ പേരില്‍ എടുക്കുന്ന പ്രതിജ്ഞകള്‍ അതിനുശേഷവും വിജയിക്കുന്ന നേതാക്കള്‍ നടപ്പിലാക്കണം. ഫോമയുടെ ആവശ്യമറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരിക്കണം ഫോമയുടെ നേതൃത്വം വഹിക്കേണ്ടത്. ഫോമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരും നിസ്വാര്‍ഥരുമായ ഭരണസമിതിയെ വിജയിപ്പിക്കണം. നിങ്ങളുടെ ഓരോരുത്തരുടെയും കൈയിലാണു ഫോമയുടെ ഭാവി- റെനി പൌലോസ് ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം