ഭദ്രാസന കോണ്‍ഫറന്‍സ്: കമ്മിറ്റികള്‍ സജീവമായി
Monday, May 16, 2016 6:04 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനു രണ്ടു മാസം ശേഷിച്ചിരിക്കെ വിവിധ കമ്മിറ്റികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ സജീവമായി.

ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഫറന്‍സ് സജീവമാക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ 13 (ബുധന്‍) മുതല്‍ 16 (ശനി) വരെ അപ്സ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്സ് ഹെവന്‍ റിസോര്‍ട്ടിലാണു കോണ്‍ഫറന്‍സ് അരങ്ങേറുക.

'സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുകയാല്‍ മാനസാന്തരപ്പെടുവിന്‍' (മത്തായി 4:17) എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി മാനസാന്തരം ദൈവത്തിങ്കലേക്കുള്ള വഴി എന്നതാണ് ചിന്താവിഷയം.

മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡാളസ് സെന്റ് ജയിംസ് മിഷന്‍ പാരിഷ് വികാരി ഫാ. ക്രിസ്റഫര്‍ മാത്യു, യുകെ-യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡെപ്യൂട്ടി സെക്രട്ടറി എലിസബത്ത് ജോയി എന്നിവരാണു മുഖ്യ പ്രാസംഗികര്‍.

ഡിസ്കൌണ്ട് നിരക്കിലുള്ള രജിസ്ട്രേഷന്‍ മേയ് 31ന് അവസാനിക്കും. സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്.

ഭദ്രാസന കൌണ്‍സിലിന്റെ ആഭിമുഖ്യത്തിലാണു കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ. എം.കെ. കുര്യാക്കോസ് (സെക്രട്ടറി), വര്‍ഗീസ് പോത്താനിക്കാട് (ബോര്‍ഡ് ഓഫ് ട്രസ്റി അംഗം), ഫാ. ഷിബു ഡാനിയേല്‍, ഫാ. ആന്‍ഡ്രൂസ് ഡാനിയല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി കെ. വര്‍ഗീസ്, അജിത് ജോസഫ് വട്ടശേരില്‍, ഡോ. സാഖ് ജി. സഖറിയ എന്നിവരും എംജിഒസിഎസ്എ മര്‍ത്തമറിയം വനിതാസമാജം, സണ്‍ഡേ സ്കൂള്‍ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡാനിയല്‍ പുല്ലേലില്‍, പോള്‍ കറുകപ്പിള്ളില്‍, കോരസണ്‍ വര്‍ഗീസ് എന്നിവരുടെ സേവനങ്ങളും കമ്മിറ്റിക്കു ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍