ഡാളസ് കെസിഎ ഹോംസ് പിക്നിക്കും ഓപ്പണ്‍ ഹൌസും മേയ് 21ന്
Tuesday, May 10, 2016 5:43 AM IST
ഡാളസ്: ടെക്സസ് റോയ്ഡ് സിറ്റിയില്‍ 432 ഏക്കര്‍ സ്ഥലത്തു പണിതുയര്‍ത്തുന്ന റിട്ടയര്‍മെന്റ് ഹോമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണുന്നതിനും മനസിലാക്കുന്നതിനും ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ പ്രസിഡന്റായുള്ള പ്രവര്‍ത്തക സമിതി സൌകര്യം ഒരുക്കുന്നു.

മേയ് 21നു (ശനി) രാവിലെ 10 മുതലാണ് പ്രവേശനം. റിട്ടയര്‍ ചെയ്ത നോര്‍ത്ത് അമേരിക്കന്‍ കുടുംബാംഗങ്ങള്‍ക്കു സമാധാനപരമായി ജീവിതം നയിക്കുന്നതിനും ആത്മീയവും ഭൌതികവുമായി പരിപോഷണം നല്‍കുന്നതിനും കെസിഎ ഹോം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

659 സിംഗിള്‍ ഫാമിലി കസ്റം ബില്‍റ്റ് വീടുകള്‍ നിര്‍മിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും ആദ്യ ഘട്ടമായി നാല്പതോളം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. അസിസ്റന്റ് ലിവിംഗ് ആന്‍ഡ് നഴ്സിംഗ് ഹോം, ഷോപ്പിംഗ് സെന്റര്‍, ക്ളബ് ഹൌസ്, ചാപ്പല്‍, ക്ളിനിക്, ഗസ്റ് ഹൌസ് എന്നിവയും ഇതിനോടനുബന്ധിച്ചു പ്രവര്‍ത്തനനിരതമാകും.

സന്ദര്‍ശനത്തിനെത്തുന്നവരുടെ മാനസികോല്ലാസത്തിനു പിക്നിക്കും തുടര്‍ന്നു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൌജന്യമാണ്.

ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സക്കറിയ ഫിലിപ്പ്, ട്രഷറര്‍ മൈക്കിള്‍ കളരിക്കല്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം.സി. അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍