ഡാളസില്‍ കനത്ത മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും
Monday, April 18, 2016 5:00 AM IST
ഡാളസ്: ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയെത്തുടര്‍ന്നു ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മേഖലകളിലെ പല റോഡുകളിലും ഗതാഗതം തടസപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെവരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചത്.

1908നുശേഷം ഏറ്റവും ശക്തമായ മഴയാണ് ഏപ്രില്‍ 17നു ലഭിച്ചത്. മിനറല്‍ വെല്‍സില്‍ 7.18 സെന്റീമീറ്ററും ഫോര്‍ട്ട് വര്‍ത്തില്‍ 2.43 സെന്റീമീറ്ററും മഴ ലഭിച്ചു. ട്രിനിറ്റി റിവറിന്റെ ജലനിരപ്പു അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. ജോണ്‍സണ്‍ കൌണ്ടിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വാഹന ഗതാഗതം താറുമാറായി.

ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍ ഇന്നു നടക്കേണ്ട ടെക്സസ് റോജേഴ്സ്-ബാള്‍ട്ടിമോര്‍ മത്സരം മഴമൂലം മാറ്റിയിട്ടുണ്ട്.

ഫോര്‍ട്ട്വര്‍ത്ത് വിമാനത്താവളത്തിലെ 627 സര്‍വീസുകള്‍ വൈകുകയും 481 ഫ്ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍ എയര്‍ലൈന്‍സ് കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍