വൈസ് മെന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചാരിറ്റി ഡിന്നര്‍ ഫണ്ട് സംഘടിപ്പിച്ചു
Wednesday, April 13, 2016 4:32 AM IST
ന്യൂയോര്‍ക്ക്: വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ചാരിറ്റി ഡിന്നര്‍ കലാസന്ധ്യ സംഘടിപ്പിച്ചു. ഫ്ളോറല്‍ പാര്‍ക്ക് ക്ളബാണു പരിപാടികള്‍ സംഘടിപ്പിച്ചത്. മറ്റു ക്ളബ് അംഗങ്ങളും നൂറുകണക്കിന് അതിഥികളും പങ്കെടുത്തു.

വൈസ് മെന്‍സ് ക്ളബിന്റെ യുഎസ് ഏരിയ പ്രസിഡന്റ് ചാര്‍ലി റെഡ്മന്‍, നോര്‍ത്ത് അറ്റ്ലാന്റിക് റീജണ്‍ ഡയറക്ടര്‍ ഷാജു സാം, നോര്‍ത്ത്വെല്‍ ഹെല്‍ത്ത് സിസ്റം ഡയറക്ടര്‍ ഡോ. ഏര്‍ണസ്റ്റോ മൊമന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച യോഗത്തില്‍ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി.

ക്ളബ് പ്രസിഡന്റ് പോള്‍ ചുള്ളിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നോര്‍ത്ത് അറ്റ്ലാന്റിക് റീജണല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, ക്ളബ് ട്രഷറര്‍ ജിക്കു ജേക്കബ്, കോ-ഓര്‍ഡിനേറ്റര്‍ ഡോ. അലക്സ് മാത്യു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കലാസന്ധ്യയും ആകര്‍ഷകമായി.

കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന കര്‍മപദ്ധതികള്‍ക്കുള്ള ധനസഹായം യോഗത്തില്‍ ഫാ. ചിറമ്മല്‍ സ്വീകരിച്ചു. 'സേവ് എ ഹാര്‍ട്ട്' എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും സഹകരണത്തോടെ നിര്‍ധനരായ കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്കുള്ള ധനസഹായം ക്ളബ് ഏറ്റെടുത്തിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം