'പ്രവാസികളും കാര്‍ഷിക മേഖലയും' ഇന്‍ഫാം സെമിനാര്‍ സംഘടിപ്പിച്ചു
Friday, April 8, 2016 6:07 AM IST
മൂവാറ്റുപുഴ: കേരളത്തിലെ കാര്‍ഷിക മേഖലയുടെ വികസനത്തിനു പ്രവാസി മലയാളികളുടെ നിര്‍ദേശങ്ങളും പിന്തുണയും തേടി കര്‍ഷകരുടെ സംഘടനയായ ഇന്‍ഫാം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.

ആധുനിക സാങ്കേതിക വിദ്യകളും കൃഷി രീതികളും ഉപയോഗപ്പെടുത്തി കൃഷി ലാഭകരമാക്കാന്‍ കഴിയുമെന്ന് നോര്‍ക്ക റൂട്ട്സ് ഡയറക്ടറും പ്രവാസി വ്യവസായിയുമായ ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ നടക്കുന്ന കാര്‍ഷിക മേളയോടനുബന്ധിച്ച് 'പ്രവാസികളും കാര്‍ഷിക മേഖലയും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.

കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക വിളകള്‍ക്ക് വിദേശ വിപണികളില്‍ സ്ഥാനം നേടിയെടുക്കാന്‍ കഴിയണം. ഇതിനായി വിവിധ പ്രവാസി സംഘടനകളേയും പ്രവാസി വ്യവസായികളേയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതു പരിഹരിക്കണമെങ്കില്‍ പ്രവാസികളുടെ സഹകരണം ആവശ്യമാണെന്നും സെമിനാറില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ കേരളത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനും വിപണി പിടിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഓസ്ട്രേലിയന്‍ മലയാളിയും പത്രപ്രവര്‍ത്തകനുമായ ജോണ്‍സണ്‍ മാമലശേരി ആവശ്യപ്പെട്ടു.

കാര്‍ഷിക മേഖലയോടു വരും തലമുറയ്ക്ക് ആഭിമുഖ്യം ഉണ്ടാക്കാന്‍ വിദ്യാര്‍ഥികളില്‍ത്തന്നെ കൃഷി ശീലം വളര്‍ത്തിയെടുക്കണമെന്ന് അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ ട്രഷറര്‍ ജോയ് ഇട്ടന്‍ നിര്‍ദേശിച്ചു. ഇതിനായി സ്കൂളുകളില്‍ കൃഷി നടത്തുന്നതിനും കൃഷി പരിശീലനം നല്‍കുന്നതിനുള്ള സാമ്പത്തിക ചെലവുകള്‍ പ്രവാസി സംഘടനകള്‍ക്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മലയാളി ബിസിനസുകാരനായ ഏബ്രഹാം പി. സണ്ണി പവര്‍പോയിന്റ് പ്രസന്റേഷന്‍ ഉപയോഗിച്ചു നടത്തിയ അവതരണത്തില്‍ പുഷ്പ കൃഷിയുടേയും ഇതിന്റെ കയറ്റുമതിയിലൂടെ നേടാന്‍ കഴിയുന്ന വന്‍തോതിലുള്ള വിദേശനാണ്യത്തിന്റെ സാധ്യതകളും വിശദീകരിച്ചു.

ഇന്‍ഫാം ഭാരവാഹികളായ ഡോ. എം.സി. ജോര്‍ജ്, ജോസ് എടപ്പാട്ട്, കെ. മൈതീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.