ഹനുമന്തപ്പയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു
Friday, February 12, 2016 7:52 AM IST
ബംഗളൂരു: ലാന്‍സ് നായിക് ഹനുമന്തപ്പയുടെ വേര്‍പാടില്‍ കര്‍ണാടകയിലെ വിവിധ നേതാക്കള്‍ അനുശോചിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ ദേശീയാധ്യക്ഷനുമായ എച്ച്.ഡി. ദേവ ഗൌഡ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടര്‍, കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൌഡ തുടങ്ങി സംസ്ഥാനത്തു നിന്നുള്ള പ്രമുഖനേതാക്കള്‍ അനുശോചിച്ചു

ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മെഴുകുതിരി കത്തിച്ച് വിദ്യാര്‍ഥികള്‍ ഹനുമന്തപ്പയ്ക്കു വിടനല്‍കി. നമ്മുടെ സുരക്ഷിതത്വത്തിനായുള്ള സേവനത്തിനിടെയാണു ഹനുമന്തപ്പ മരിച്ചതെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഹനുമന്തപ്പയുടെ മരണം സംസ്ഥാനത്തെയാകെ ദുഖത്തിലാഴ്ത്തിയതായി എച്ച്.ഡി. ദേവ ഗൌഡ അനുസ്മരിച്ചു.

സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങി ആറു ദിവസത്തിനു ശേഷം ഹനുമന്തപ്പ ജീവനോടെ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു താനെന്നും എന്നാല്‍ അപ്രതീക്ഷിത മരണം രാജ്യത്തെ ദുഖത്തിലാഴ്ത്തിയെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൌഡ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.