ഷിക്കാഗോയില്‍ അധ്യാപകരുടെ ശക്തി പ്രകടനം
Friday, February 5, 2016 8:01 AM IST
ഷിക്കാഗോ: പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ പിരിച്ചുവിടുന്നതിലും വിദ്യാഭ്യാസ ജില്ലയുടെ വാര്‍ഷിക ബജറ്റ് ഗണ്യമായി വെട്ടികുറയ്ക്കുന്നതിലും പ്രതിഷേധിച്ച് ഷിക്കാഗോ ഡൌണ്‍ ടൌണില്‍ അധ്യാപകര്‍ കൂറ്റന്‍ ശക്തി പ്രകടനം നടത്തി. ഷിക്കാഗോ ടീച്ചേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ഓഫ് അമേരിക്കാ ആസ്ഥാനത്തുനിന്ന് ആരംഭിച്ച റാലി സിറ്റി ഹാളിലേക്കാണു നീങ്ങിയത്.

ബാങ്ക് ഓഫ് അമേരിക്ക ബില്‍ഡിംഗിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച 16 പ്രതിഷേധക്കാരെ പോലീസ് അറസ്റ് ചെയ്തു നീക്കി.

ഷിക്കാഗോ പബ്ളിക് സ്കൂള്‍ ബജറ്റില്‍ ഈ വര്‍ഷം നൂറു മില്യണ്‍ ഡോളറാണ് വെട്ടിക്കുറച്ചിട്ടുള്ളത്. അധ്യാപക യൂണിയനുമായി പുതിയ കരാര്‍ ഒപ്പിടണമെന്നു യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അധ്യാപകരുടെ പെന്‍ഷന്‍ തുക വെട്ടിക്കുറയ്ക്കുന്നതിലും ജോലി നഷ്ടപ്പെടുമെന്നതിലും യൂണിയനുള്ള ആശങ്ക ജില്ലാ വിദ്യാഭ്യാസ അധികൃതരെ അറിയിച്ചിട്ടുണ്ട്.

മുപ്പതു ദിവസത്തിനകം പെന്‍ഷന്‍ തുക വെട്ടികുറയ്ക്കുന്നതിനുള്ള നടപടികളാണു സിപിഎസ് സ്വീകരിച്ചിരിക്കുന്നത്.

സമരത്തില്‍നിന്ന് അധ്യാപക യൂണിയനുകളെ പിന്‍തിരിപ്പിക്കാന്‍ വെള്ളിയാഴ്ച ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ യോഗം വിളിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നു യൂണിയന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍