ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം: അമേരിക്കയില്‍ വന്‍ പ്രതിക്ഷേധം
Friday, February 5, 2016 7:38 AM IST
ന്യൂയോര്‍ക്ക്: കോവളത്തു വച്ചു നടന്ന 2016 ഗ്ളോബല്‍ എഡ്യുക്കേഷന്‍ മീറ്റില്‍ പങ്കെടുക്കാനെത്തിയ മുന്‍ അംബാസഡറും, നിലവില്‍ കേരള സ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ അമേരിക്കയിലെ മലയാളി സമൂഹം ശക്തമായി അപലപിച്ചു. പോലീസ് നോക്കിനില്‍ക്കേയാണു വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകര്‍ ടി.പി. ശ്രീനിവാസനെ കൈയ്യേറ്റം ചെയ്തത്.

ചുരുങ്ങിയ സമയംകൊണ്ട് ന്യൂജേഴ്സിയില്‍നിന്നുള്ള അനില്‍ പുത്തന്‍ചിറയും, മിഷിഗണില്‍നിന്നുള്ള കൊണ്ടൂരിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സ് കോളില്‍ ഏകദേശം നൂറോളം പേര്‍ പങ്കെടുത്തു. മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍, മകന്‍ ശ്രീനാഥ് ശ്രീനിവാസന്‍, മരുമകള്‍ രൂപാ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തിരുന്നു. അമേരിക്കന്‍ മലയാളിസമൂഹം തങ്ങള്‍ക്ക് നല്‍കുന്ന പിന്‍തുണ ഒരിക്കലും മറക്കാനാകുന്നതല്ലെന്നും, തന്റെ അച്ഛനു സംഭവിച്ചതു മറ്റൊരാള്‍ക്കും ഇനി സംഭവിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും മകന്‍ ശ്രീനാഥ് പറഞ്ഞു. അമേരിക്കയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൌണ്‍സില്‍, ജെഎഫ്എ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പ്രസ്തുത കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്ത എല്ലാവരും ടി.പി. ശ്രീനിവാസന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

നാട്ടില്‍ നിന്നും അലക്സ് വിളനിലം കോശി, അഡ്വ. ശിവന്‍ മീത്തില്‍, അഡ്വ. സിറിയക്ക് തോമസ് എന്നിവര്‍ പങ്കെടുത്തു. ദിലീപ് വര്‍ഗീസ്, ഡോ. നരേന്ദ്ര കുമാര്‍, അനിയന്‍ ജോര്‍ജ് (മോഡറേറ്റര്‍), മധു കൊട്ടാരക്കര, ലീലാ മാരേട്ട് (ഫൊക്കാന), ഫ്രെഡ് കൊച്ചിന്‍, തോമസ് കൂവള്ളൂര്‍ (ജെഎഫ്എ), സാം ഉമ്മന്‍, റോയി ചെങ്ങന്നൂര്‍, പോള്‍ സി. മത്തായി, ഷോളി കുമ്പിളുവേലില്‍, ജിബി തോമസ്, ബിജു പന്തളം, ജോയിച്ചന്‍ പുതുക്കുളം, സതീശന്‍ നായര്‍, തോമസ് ജോസ്, ബിനു ജോസഫ്, തോമസ് കര്‍ത്തനാള്‍, അലക്സ് മാത്യൂ, സണ്ണി വൈക്ളിഫ് (ഫൊക്കാന), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവരാണ് പങ്കെടുത്ത മറ്റു പ്രമുഖര്‍.

ഇതിന്റെ തുടര്‍ നടപടിയായി മുഖ്യമന്ത്രിക്കും മറ്റു മേലാധികാരികള്‍ക്കും നിവേദനം നല്‍കാന്‍, അനിയന്‍ ജോര്‍ജ്, രാജു വര്‍ഗീസ്, സാം ഉമ്മന്‍, ലീലാ മാരേട്ട്, വിനോദ് കൊണ്ടൂര്‍ എന്നിവരെ ചുമതലപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം