ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അഭ്യര്‍ഥിച്ചു
Thursday, January 28, 2016 8:06 AM IST
ഡാളസ്: ഡാളസ് കൌണ്ടി ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് അഭ്യര്‍ഥിച്ചു. ചുഴലിക്കാറ്റില്‍ തകര്‍ന്ന പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് വിലയിരുത്തുന്നതിനിടെയാണ് ഗവര്‍ണര്‍ സഹായം അഭ്യര്‍ഥിച്ചത്.

നേരത്തെ നോര്‍ത്ത് ടെക്സസിലെ ഡാളസ് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ സംസ്ഥാന ദുരന്തമേഖലയായി പ്രഖ്യാപിച്ചിരുന്നു. ഒരു മാസം പൂര്‍ത്തിയായിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണു കണക്കാക്കിയിരിക്കുന്നത്. പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കിയ ഹോട്ടലുകളിലാണ് ഇപ്പോഴും താമസിക്കുന്നത്.

ഡാളസിലെ പ്രമുഖ മലയാളിയും റന്റല്‍ പ്രോപ്പര്‍ട്ടി ഉടമസ്ഥനുമായ ഒരാളുടെ ഇരുപതോളം വീടുകളാണു ചുഴലിക്കാറ്റില്‍ തകര്‍ന്നത്. ഇതു കൂടാതെ നിരവധി മലയാളികളുടെ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

ഫെഡറല്‍ സഹായം ലഭിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം അപര്യാപ്തമാകുമെന്ന് റെന്റല്‍ പ്രോപ്പര്‍ട്ടി ഉടമ പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റ് ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്കു സാധ്യതയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍