മാര്‍ ജോയി ആലപ്പാട്ട് അമേരിക്കന്‍ ജയിലില്‍ തടവുകാര്‍ക്കൊപ്പം
Saturday, January 23, 2016 1:10 AM IST
ഫ്ളോറിഡ: അമേരിക്കയിലെ ബ്രോവാര്‍ഡ് കൌണ്ടി ജയിലിലെ 79 തടവുകാര്‍ക്കൊപ്പം ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരുസംഘം പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂര്‍ ചെലവഴിച്ച് കാരുണ്യത്തിന്റെ സുവിശേഷം നല്‍കുകയുണ്ടായി. മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ജയിലില്‍ ദിവ്യബലിയര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നു തടവുകാര്‍ക്ക് തയാറാക്കിയ വിരുന്നില്‍ പങ്കെടുത്തു.

പരിമിതമായ ആവശ്യങ്ങള്‍ മാത്രം നിറവേറ്റപ്പെടുന്ന കാരാഗ്രഹത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന തടവുകാരുമായി കരുണയുടെവര്‍ഷത്തില്‍ ബന്ധപ്പെടുവാന്‍ സാധിച്ചത് ദൈവത്തിന്റെ മഹാകാരുണ്യം ഒന്നുകൊണ്ടുമാത്രമാണെന്നു മാര്‍ ആലപ്പാട്ട് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി കുറ്റ്യാനി, വൈസ് പ്രസിഡന്റ് സാജു വടക്കേല്‍, സാജന്‍ കുര്യന്‍, ജിന്‍സി ജോബിഷ് എന്നിവര്‍ ഈ മഹാസംഗമത്തിനു നേതൃത്വം നല്‍കി. ബ്രോവാര്‍ഡ് കൌണ്ടി ജയില്‍ ചാപ്ളെയിന്‍ നത്താനിയേല്‍ നോവേല്‍ പരിപാടികളില്‍ പങ്കെടുത്തു.