സാല്‍വേഷന്‍ ആര്‍മി സംഭാവന ബാസ്കറ്റില്‍ നിക്ഷേപിച്ചത് അഞ്ചുലക്ഷത്തിന്റെ ചെക്ക്
Tuesday, December 1, 2015 8:18 AM IST
മിനിസോട്ട: കഴിഞ്ഞ വാരാന്ത്യം മിനിയാ പോലീസുള്ള ഒരു ഗ്രോസറി കടയുടെ മുന്‍വശം സംഭാവനയ്ക്കായി നിന്നിരുന്ന സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകരുടെ ബാസ്കറ്റില്‍ പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ദമ്പതിമാര്‍ നിക്ഷേപിച്ചത് അഞ്ചു ലക്ഷം ഡോളറിന്റെ ചെക്ക്.

സാല്‍വേഷന്‍ ആര്‍മി അധികൃതര്‍ നവംബര്‍ 30ന് വെളിപ്പെടുത്തിയതാണ് ഈ വിവരം. ചെക്ക് ബാങ്കില്‍ നിക്ഷേപിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.

ഗ്രോസറി കടയില്‍നിന്ന് ഉപേക്ഷിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ സാല്‍വേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ ശേഖരിച്ചു വിതരണം ചെയ്തിരുന്നതിനെ ആശ്രയിക്കേണ്ട ഒരു കാലം ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ ആരംഭ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്െടന്നും ഇപ്പോള്‍ ഞങ്ങള്‍ക്കു മറ്റുള്ളവരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്െടന്നും പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ദമ്പതികള്‍ പറഞ്ഞതായി സാല്‍വേഷന്‍ ആര്‍മി അധികൃതര്‍ പറഞ്ഞു.

ഇത്രയും വലിയൊരു സംഖ്യ സംഭാവനയായി ആദ്യമായാണ് ഈ ഇരട്ട നഗരങ്ങളില്‍നിന്നും ലഭിക്കുന്നതെന്നു സാല്‍വേഷന്‍ ആര്‍മി വക്താവ് ജൂലി ബോര്‍ഗന്‍ പറഞ്ഞു. സാമൂഹ്യസേവനരംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന സാല്‍വേഷന്‍ ആര്‍മി, പാതയോരങ്ങളിലും ഗ്രോസറി കടകളുടെ മുമ്പിലും സംഭാവനയ്ക്കായി നില്‍ക്കുമ്പോള്‍ കണ്ടും കാണാതെയും കടന്നുപോകുന്നവര്‍ക്ക് പ്രചോദനമായിരിക്കും ഇവരുടെ മാതൃകയെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍