ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സിനു നവംബര്‍ 19നു തിരിതെളിയും
Tuesday, November 17, 2015 10:22 AM IST
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിനു നവംബര്‍ 19 -നു തിരിതെളിയുന്നു. ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ് 19, 20, 21 തീയതികളിലായി കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. ഇന്ത്യ പ്രസ്ക്ളബിന്റെ ദേശീയ സമ്മേളനത്തിനുളള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു പ്രസിഡന്റ് ടാജ് മാത്യു, ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ട്രഷറര്‍ ബിജു കിഴക്കേക്കൂറ്റ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസ് കണിയാലി എന്നിവര്‍ അറിയിച്ചു.

എംഎല്‍എമാരായ തോമസ് ഉണ്ണിയാടന്‍, രാജു ഏബ്രഹാം, വിദേശ മലയാളികളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്കയുടെ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, വനിതാ കമ്മീഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ ഷാഹിദ കമാല്‍ എന്നിവര്‍ അതിഥികളായി എത്തുന്ന കോണ്‍ഫറന്‍സില്‍ മാധ്യമ രംഗത്തെ ഒന്നാം നിരക്കാരാണ് സെമിനാറുകള്‍ നയിക്കുന്നത്.

കേരള മീഡിയ അക്കാഡമി ചെയര്‍മാനും ദീപികയുടെ ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസിന്റെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.ജി സുരേഷ്കുമാര്‍, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് എന്നിവരാണു കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍. ഇതിനൊപ്പം ഗുരുരത്നം ജ്ഞാന തപ്വസി 'മതശക്തികള്‍ക്ക് മാധ്യമങ്ങളിലെ സ്വാധീനം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ഇന്ത്യ പ്രസ്ക്ളബ് അംഗങ്ങളും അതിഥികളും സ്പോണ്‍സര്‍മാരും പങ്കെടുക്കുന്ന അത്താഴ വിരുന്നാണ് 19 ലെ ഏക പരിപാടി. പരിചയപ്പെടുത്തലും പരിചയപ്പെടലുമായുളള ഈ സ്വകാര്യ ചടങ്ങ് വൈകുന്നേരം ഏഴിനു തുടങ്ങും.

പിറ്റേന്നാണു സെമിനാറുകള്‍. ഇന്ത്യ പ്രസ്ക്ളബിന്റെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നതിന് തുടക്കം മാധ്യമ സെമിനാറിലൂടെയാണ്. ദീപികയുടെ സെര്‍ജി ആന്റണിയാണ് ആദ്യ സെമിനാര്‍ നയിക്കുക. മാധ്യമരംഗത്ത് കോര്‍പറേറ്റ് ശക്തികളുടെ സ്വാധീനം എന്ന വിഷയം ആധാരമാക്കി അദ്ദേഹം സംസാരിക്കും. നവമാധ്യമങ്ങളെ സംബന്ധിച്ച് മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് അവതരിപ്പിക്കുന്ന സെമിനാറും 20 ന് ഉച്ചക്ക് ശേഷമാണ്. അമേരിക്കയിലെ മാധമരംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുളള സെമിനാറും ചര്‍ച്ചാ സമ്മേളനവും അന്ന് ക്രമീകരിച്ചിട്ടുണ്ട്. ഡിന്നറിനു ശേഷം വൈകുന്നേരം ഏഴിനാണ് ഉദ്ഘാടന സമ്മേളനം. അതിഥികളുടെയും മാധ്യമ പ്രതിഭകളുടെയും പ്രസംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

അവസാന ദിവസമായ നവംബര്‍ 21-നു രാവിലെ 9.30 നാണു ഗുരുരത്നം ജ്ഞാന തപസ്വിയുടെ സെമിനാര്‍. മാധ്യമങ്ങളിലെ മതത്തിന്റെ കൈകടത്തലിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുക. ദൃശ്യ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.ജി. സുരേഷ്കുമാര്‍ അവതരിപ്പിക്കുന്ന സെമിനാര്‍ 21 -നു രാവിലെ 11.45 മുതലാണ്. കൈരളി ടിവിയുടെ മനേജിംഗ് ഡയറക്ടറായ ജോണ്‍ ബ്രിട്ടാസാണു സമാപന സെമിനാര്‍ നയിക്കുന്നത്. സമകാലീന ഇന്ത്യയും മാധ്യമങ്ങളും എന്ന വിഷയത്തിന്മേലുളള ബ്രിട്ടാസിന്റെ പ്രഭാഷണം ഉച്ചയ്ക്ക് രണ്ടു മുതലാണ്. ഡിന്നറിനു ശേഷം വൈകുന്നേരം ഏഴിനാണു സമാപന സമ്മേളനം തുടങ്ങുന്നത്. സമാപന സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസിനു മാധ്യമരത്ന പുരസ്കാരവും എട്ടു പേര്‍ക്ക് ഇന്ത്യ പ്രസ്ക്ളബ് അവാര്‍ഡുകളും സമ്മാനിക്കും. ഇന്ത്യ പ്രസ്ക്ളബിന്റെ പുതിയ പ്രസിഡന്റായി ശിവന്‍ മുഹമ്മ അധികാരമേല്‍ക്കുന്നതും സമാപന സമ്മേളനത്തില്‍വച്ചാണ്.

ഇന്ത്യ പ്രസ്ക്ളബിന്റെ ആറാമത് ദേശീയ സമ്മേളനമാണു ഷിക്കാഗോയില്‍ അരങ്ങേറുന്നത്. ഇതിനു മുമ്പ് രണ്ടാം കോണ്‍ഫറന്‍സിന് 2008ല്‍ ആതിഥ്യമരുളിയ ശേഷം ഏഴുവര്‍ഷത്തിനു ശേഷമാണ് ഇന്ത്യ പ്രസ്ക്ളബ് സമ്മേളനം വീണ്ടും ഷിക്കാഗോയിലെത്തുന്നത്. പ്രസ്ക്ളബ് ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റും കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ ജോസ് കണിയാലി, നാഷണല്‍ ട്രഷറര്‍ ബിജു കിഴക്കേക്കൂറ്റ്, ബിജു സഖറിയ, അനിലാല്‍ ശ്രീനിവാസന്‍, പ്രസന്നന്‍ പിള്ള, ജോയിച്ചന്‍ പുതുക്കളം, വര്‍ഗീസ് പാലമലയില്‍, ശിവന്‍ മുഹമ്മ, ചാക്കോ മറ്റത്തില്‍പറമ്പില്‍ എന്നിവരടങ്ങുന്ന ഷിക്കാഗോ ചാപ്റ്ററാണ് ആതിഥേയര്‍. കുറ്റമറ്റ സംവിധാനങ്ങളൊരുക്കാന്‍ എല്ലാം അംഗങ്ങളും കഠിന പ്രയത്നത്തിലാണെന്നു ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.