ഫോമ ജുഡീഷ്യല്‍ കൌണ്‍സില്‍ ഇലക്ഷന്‍ ഒക്ടോബര്‍ 17ന്
Friday, October 2, 2015 8:17 AM IST
വാഷിംഗ്ടണ്‍ ഡിസി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ജുഡീഷ്യല്‍ കൌണ്‍സില്‍ ഇലക്ഷന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആര്‍വിപി ഷാജി ശിവബാലന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

ഒക്ടോബര്‍ 17നു (ശനി) മേരിലാന്റിലെ തോമസ് പൈലി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫോമയുടെ ജനറല്‍ ബോഡി മീറ്റിംഗിനോടനുബന്ധിച്ചാണ് ഫോമ ജുഡീഷ്യല്‍ കൌണ്‍സില്‍ ഇലക്ഷന്‍ നടത്തുന്നത്. ഈ ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി നാലു വര്‍ഷത്തേയ്ക്കായിരിക്കും.

ഫോമ ജുഡീഷ്യല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പു 2015ന്റെ ഇലക്ഷന്‍ കമ്മീഷണര്‍മാരായി സേവനം ചെയ്യുന്നത് ഫോമയുടെ മുതിര്‍ന്ന നേതാക്കളായ ജോണ്‍ സി. വര്‍ഗീസ് (സലിം) ന്യൂയോര്‍ക്ക്, രാജ് കുറുപ്പ് (ക്യാപിറ്റല്‍ റീജണ്‍), ഐപ്പ് മാരേട്ട് എന്നിവരാണ്.

ഫോമയിലെ ഒരോ അംഗസംഘടനയില്‍ നിന്നും അഞ്ചു പേര്‍ക്ക് വീതമാണ് വോട്ടവകാശം ഉള്ളത്. ഈ ഡെലിഗേറ്റ് ലിസ്റ് എല്ലാ അംഗസംഘടനകളില്‍ നിന്നും ലഭിച്ചുവെന്ന് ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് പറഞ്ഞു. ഇതുവരെ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ച ജുഡീഷ്യല്‍ കൌണ്‍സില്‍ ഭാരവാഹികളായ തോമസ് ജോസ് (ചെയര്‍മാന്‍), എം.ജി. മാത്യൂ (വൈസ് ചെയര്‍മാന്‍), ജോര്‍ജ് തോമസ് (സെക്രട്ടറി), ഫ്രെഡ് കൊച്ചിന്‍ (മെംബര്‍), പോള്‍ സി. മത്തായി (മെംബര്‍), ഏബ്രഹാം ഫിലിപ്പ് (ഓഡിറ്റര്‍) എന്നിവരാണ്.

അതോടൊപ്പം 2016ല്‍ മയാമിയില്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ കിക്ക് ഓഫും ചടങ്ങില്‍ നടക്കും.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്