പെയര്‍ലാന്റ് മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി
Tuesday, September 22, 2015 5:59 AM IST
ഹൂസ്റണ്‍: ഫ്രണ്ട്സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്യൂണിറ്റി ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 19നു (ശനി) രാവിലെ 10 മുതല്‍ ട്രിനിറ്റി മാര്‍ത്തോമ ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍.

താളമേളങ്ങളുടെ അകമ്പടിയോടെ എഴുന്നളളിയ 'മാവേലി' നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്‍ കൂടിയായ ജയിംസ് ജോസഫ് 'മാവേലി'യെ മികവുറ്റതാക്കി.

മാധ്യമപ്രവര്‍ത്തകനും കമ്യൂണിറ്റി അംഗവുമായ ജീമോന്‍ റാന്നി ഓണസന്ദേശം നല്‍കി. കുഞ്ഞുണ്ണി മാഷിന്റെ കവിതാശകലത്തെ ഉദ്ധരിച്ചുകൊണ്ട് സ്വയം നന്നായി സമൂഹത്തിനു നന്മ പകരുന്നവരായി മാറുവാനും അര്‍പ്പണ മനോഭാവവും മറ്റുളളവരുമായി പങ്കു വയ്ക്കുവാനുമുളള മനസിന്റെ ഉടമയായിരുന്ന മഹാബലിയുടെ ജീവിത മാതൃക പിന്തുടരുന്നതിനും ഇടയാകട്ടെയെന്ന് അദ്ദേഹം ഓണസന്ദേശത്തില്‍ ആശംസിച്ചു.

ഷെര്‍വിന്‍ ഫിലിപ്പ്, സ്വപ്ന ജോബി, ടോണി വടക്കേക്കര, സീസര്‍ മര്‍ക്കോസ്, ജോര്‍ജ് കുരുവിള, രോഹിത് ചെറിയാന്‍, അനില്‍ ജനാര്‍ദ്ദനന്‍, ദാനിയേല്‍ ടെന്നിസണ്‍ തുടങ്ങിയവര്‍ അടിപൊളി പാട്ടുകളുമായി ശ്രോതാക്കളെ ആനന്ദത്തിലാറാടിച്ചപ്പോള്‍ ദിവ്യ ചെറിയാന്‍, ഏയ്ഞ്ചല്‍ സന്തോഷ് രേഷ്മ ഷാജന്‍, ഇവാനിയ ഷാജു, ജോവാന ജിജോ, ഡയോണ ജോമി, ആല്‍ഫി ബിജോയ്, മിന്നു ജോഷി, ക്രിസ്റല്‍ ടെന്നിസണ്‍ തുടങ്ങിയവര്‍ തങ്ങളുടെ നൃത്തച്ചുവടുകളുമായി വേദിയെ കീഴടക്കി. മോഹിനിയാട്ടവും ഭരതനാട്യവും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. ആദ്യകാല മലയാളിയായ വര്‍ക്കിച്ചന്റെ 'മാജിക് ഷോ' വേറിട്ട കാഴ്ചയായിരുന്നു.

സീസര്‍ മര്‍ക്കോസും സംഘവും അവതരിപ്പിച്ച വളളംകളി ഗൃഹാതുര സ്മരണകളുയര്‍ത്തി. ജിജോ ജോസഫ് നന്ദി പറഞ്ഞു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി സന്തോഷ് ഐപ്പ് (പ്രസിഡന്റ്), ഏബ്രഹാം തോമസ് (ബിജു സെക്രട്ടറി), ജോഷി മാത്യു(ട്രഷറര്‍), ഷാജു വര്‍ഗീസ്, ജിജോ ജോസഫ്, അനില്‍ ജനാര്‍ദ്ദനന്‍, ഷാജി ജോണ്‍, സീസര്‍ മര്‍ക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികളാണു പ്രവര്‍ത്തിച്ചത്.

മിനി മര്‍ക്കോസ്, ബിന്ദു ബിനോയ് എന്നിവര്‍ എംസിമാരായി പ്രര്‍ത്തിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍