ഷിക്കാഗോ സാഹിത്യവേദിയില്‍ ലാന കണ്‍വന്‍ഷന്‍ കിക്കോഫ്
Monday, September 21, 2015 5:58 AM IST
ഷിക്കാഗോ: 2015 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നു വരെ ഡാളസില്‍ നടക്കുന്ന ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്റെ ഷിക്കാഗോയിലെ കിക്കോഫ് സാഹിത്യവേദിയില്‍ നടന്നു. സെപ്റ്റംബര്‍ 11 നു വൈകുന്നേരം മൌണ്ട് പ്രോസ്പക്ടിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്വീറ്റ്സില്‍ നടന്ന ചടങ്ങില്‍ സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്ക്കാട്ടില്‍ നിന്നും രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം കിക്കോഫ് ഉദ്ഘാടനം ചെയ്തു. നാരായണന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കേരള പാണിനി എ.ആര്‍. രാജരാജ വര്‍മയുടെ പേരക്കുട്ടിയും ഡോ. ഗോദവര്‍മ്മ രാജയുടെ പുത്രിയുമായ പ്രഫ. സുജാത സംക്രാന്തിയായിരുന്നു ഈ മാസത്തെ സാഹിത്യവേദിയില്‍ പ്രബന്ധം അവതരിപ്പിച്ചത്. 'ഇന്‍ ദ ഷാഡോ ഓഫ് ലെജന്റ്സ്' (കി വേല ടവമറീം ീള ഘലഴലിറ) എന്ന തന്റെ സ്വന്തം കൃതിയെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം ഹൃദ്യമായി.

യുവ എഴുത്തുകാരി ആശ അഭിലാഷ് പ്രഥമ കവിതാ സമാഹാരം സദസിനു സമര്‍പ്പിച്ചു. ബെന്നി പരിമണം ആശയെ സദസ്യര്‍ക്കു പരിചയപ്പെടുത്തി. ജോണ്‍ ഇലയ്ക്കാട്ട് സ്വാഗതവും പ്രസന്നന്‍ പിള്ള നന്ദിയും അറിയിച്ചു. പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തത് ഡോ. രവിരാജയും ഉമാ രാജയും ആയിരുന്നു.

സാഹിത്യവേദിയുടെ 191-ാമത് കൂട്ടായ്മ ഒക്ടോബര്‍ രണ്ടിനു (വെള്ളി) നടക്കും. കാവ്യസന്ധ്യയായി നടത്തപ്പെടുന്ന യോഗത്തില്‍ ഇഷ്ടകവിതകളോ സ്വന്തം കവിതകളോ അവതരിപ്പിക്കുവാന്‍ അവസരമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ജോണ്‍ ഇലയ്ക്കാട്ട് 773 282 4955.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ