അവഗണിക്കപ്പെടുന്നവര്‍ക്കും അശരണര്‍ക്കും അത്താണിയായി ജസ്റീസ് ജെ.ബി. കോശി
Saturday, September 19, 2015 7:09 AM IST
ന്യൂയോര്‍ക്ക്: സമൂഹത്തില്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും അശരണര്‍ക്കും അവരര്‍ഹിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നേടിക്കൊടുക്കുക എന്ന ലക്ഷ്യം നിറവേറുന്നതിനാണു കേരള മനുഷ്യാവകാശ കമ്മീഷന്‍ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളതെന്ന് കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേരള ആക്ടിംഗ് ചീഫ് ജസ്റീസുമായ ജെ.ബി. കോശി. അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ജസ്റീസ് ജെ.ബി. കോശിയുമായി സെപ്റ്റംബര്‍ പത്തിനു ലേഖകന്‍ പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖത്തിലാണു മനുഷ്യാവകാശകമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചത്.

2011ലാണു കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി കാബിനറ്റ് റാങ്കോടെ ജെ.ബി. കോശി നിയമിതനായത്. ഒരു ഡോക്ടറായി കാണണമെന്ന മാതാപിതാക്കളുടെ ആഗ്രഹം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒരു മാര്‍ക്കിന്റെ കുറവുകൊണ്ടാണു സഫലമാകാതെ പോയത്. കുടുംബാംഗങ്ങളില്‍ വക്കീലോ, ജഡ്ജിയോ ഇല്ലാതിരുന്നിട്ടും ഇത്രയും ഉയര്‍ന്ന പദവികള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞത് ദൈവികപദ്ധതിയുടെ ഒരു ഭാഗമാണെന്നായിരുന്നു തികഞ്ഞ മതഭക്തനും ദൈവവിശ്വാസിയുമായ ജസ്റീസിന്റെ ഉറച്ച വിശ്വാസം.

മനുഷ്യാവകാശ കമ്മീഷന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു തികഞ്ഞ ലക്ഷ്യ ബോധം ജസ്റീസിനു ഓരോ വാക്കുകളിലും പ്രകടമായിരുന്നു. ദിനം പ്രതി അറുപതില്‍പരം പരാതികളാണു കമ്മീഷന്റെ മുമ്പാകെ തീര്‍പ്പിനായി ലഭിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ശരിയായ നിയമസഹായം ലഭിക്കാതിരിക്കുകയും ആവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ അര്‍ഹതപ്പെട്ട നീതിനിഷേധിക്കുകയും ചെയ്യുന്ന കേസുകള്‍ പുനപരിശോധനയ്ക്കായി അവസരം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കമ്മീഷന്‍ പലസന്ദര്‍ഭങ്ങളിലും വിജയിച്ചിട്ടുള്ളതായി നിരവധി ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിശദീകരിച്ചു.

ജസ്റീസും ചീഫ് ജസ്റീസും ആയി പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കേണ്ടി വന്നിട്ടുണ്േടാ എന്ന ചോദ്യത്തിന്, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികള്‍ക്കു വധശിക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും അത് പ്രഫഷന്റെ ഒരു ഭാഗമാണെമന്നും ജസ്റീസ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് ശാപമായി മാറിയ ബന്തും ഹര്‍ത്താലും നിരോധിക്കുന്ന ഉത്തരവിറക്കിയ ജഡ്ജിംഗ് പാനലില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുണ്ട്. അമിതമായ രാഷ്ട്രീയ ഇടപെടല്‍ സുപ്രധാന കേസുകളില്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചിട്ടുണ്േടാ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളത്തിലെ പോലീസ് അസോസിയേഷനുകളുടെ അതിപ്രസരം സത്യസന്ധമായ കേസന്വേഷണത്തെ ഒരു പരിധിവരെ പ്രതികൂലമായി ബാധിക്കുന്നുണ്േടാ എന്ന സംശയം ജസ്റീസ് പ്രകടിപ്പിച്ചു.

അമേരിക്കന്‍ സുപ്രീംകോടതി അടുത്തയിടെ അംഗീകരിച്ച സ്വവര്‍ഗവിവാഹ വിധിയെ കുറിച്ചു അഭിപ്രായം പറയുവാന്‍ ജസ്റീസ് വിസമ്മതിച്ചു. രണ്ടു സ്നേഹിതര്‍ ഒന്നിച്ചു താമസിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സ്വവര്‍ഗ വിവാഹം ലോകമാരംഭം മുതല്‍ പരിപാപനമായി കരുതുന്ന വിവാഹം എന്ന സങ്കല്‍പ്പത്തിന് തികച്ചും എതിരാണെന്നും മനുഷ്യവംശ ബന്ധനത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും അതുകൊണ്ടു തന്നെ ഈ പ്രവണത ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ജസ്റീസ് പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകാരാഷ്ട്രങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നതില്‍ ജസ്റീസ് ഉത്കണ്ഠ രേഖപ്പെടുത്തി.

അമേരിക്കല്‍ മലയാളികള്‍ക്കു എന്തു സന്ദേശമാണു നല്‍കുവാനുള്ളതെന്ന ചോദ്യത്തില്‍, മനുഷ്യര്‍ പരസ്പരം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി നിലനിര്‍ത്തുവാന്‍ ശ്രമിക്കുക, കേരള സംസ്കാരവും പൈതൃകവും ഭാവി തലമുറയ്ക്ക് കൈമാറുന്നതിനു മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക, പ്രവാസികളായി കഴിയുന്ന രാജ്യങ്ങളെ സ്നേഹിക്കുന്നതുപോലെ മാതൃരാജ്യത്തേയും സ്നേഹിക്കുക എന്നതായിരുന്നു ജസ്റീസിന്റെ മറുപടി.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ചീഫ് ജസ്റിസിനു ലഭിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കുന്ന ജെ.ബി. കോശി സാധാരണക്കാരില്‍ സാധാരണക്കാരനായി വാക്കിലും പ്രവര്‍ത്തിയിലും ശോഭിക്കുന്നു.

ജസ്റീസ് ജെ.ബി. കോശിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിജയങ്ങളും നന്മകളും ആശംസിച്ചു കൊണ്ടാണ് അഭിമുഖത്തിനു വിരാമിട്ടത്.