അഡ്ലെയ്ഡില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും
Monday, September 14, 2015 7:26 AM IST
അഡ്ലെയ്ഡ്: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തോലിക് മിഷനില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥര്യലേപന കൂദാശ കര്‍മ്മവും നടന്നു. മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യേക വിശ്വാസപരിശീലനം പൂര്‍ത്തിയാക്കിയ 26 കുട്ടികളാണ് കൂദാശകള്‍ സ്വീകരിച്ചത്. ശുശ്രൂഷാകര്‍മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ഫ്രെഡി എലുവത്തിങ്കല്‍ ശുശ്രൂഷ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.

കുഞ്ഞുങ്ങളില്‍ പ്രാര്‍ഥന തീഷ്ണതയും നേതൃപാടവവും വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെകുറിച്ച് മാര്‍ ബോസ്കോ പുത്തൂര്‍ ദിവ്യബലിമധ്യേ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. വേദപഠനത്തിലൂടെ വിശ്വാസതീക്ഷ്ണതയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയട്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂദാശകള്‍ സ്വീകരിച്ച കുഞ്ഞുങ്ങളുമായി മാര്‍ ബോസ്കോ പുത്തൂര്‍ പ്രത്യേകം കൂടികാഴ്ച നടത്തി.

റിപ്പോര്‍ട്ട്: ആന്റണി മാവേലി