വര്‍ണക്കാഴ്ച ഒരുക്കി കേരളസമാജം പൂക്കള മത്സരം
Thursday, September 3, 2015 6:46 AM IST
ബംഗളൂരു: ബംഗളൂരു കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരം ശ്രദ്ധേയമായി. ഇന്ദിരാനഗര്‍ 5 വേ മെയിന്‍ 9 വേ ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിത്രകാരന്‍ വി.കെ. വിജയന്‍ പൂക്കളമത്സരം ഉദ്ഘാടനം ചെയ്തു.

വാശിയേറിയ മത്സരത്തില്‍ ബൊമ്മനഹള്ളി വി.വി. മുകേഷും സംഘവും ഒന്നാം സമ്മാനമായ 10,000 രൂപയും ഒകെഎം രാജീവ് മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും സ്വന്തമാക്കി. ബിഡദി ഫ്രണ്ട്സ് ഓഫ് ഫ്ളവേഴ്സ് രണ്ടാം സമ്മാനമായ 5,000 രൂപയും ട്രോഫിയും ശ്രീരാമപുരം വിമല്‍ കൃഷ്ണനും സംഘവും മൂന്നാം സമ്മാനമായ 3,000 രൂപയും ട്രോഫിയും കരസ്ഥമാക്കി.

ആര്‍ടി നഗര്‍ ഗംഗാ ജയന്ത്, ജയനഗര്‍ വിജയകുമാര്‍, ഡോംലൂര്‍ കലാ പ്രതാപ്, അള്‍സൂര്‍ ലികിത, മാറത്തഹള്ളി അനന്തു അനില്‍കുമാര്‍ എന്നിവരുടെ ടീമുകള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും ലഭിച്ചു. നാല്‍പതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പരിപാടികളില്‍ കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കെഎന്‍ഇ ട്രസ്റ് സെക്രട്ടറി സുധാകരന്‍ രാമന്തളി, ട്രഷറര്‍ ജോര്‍ജ് തോമസ്, കള്‍ച്ചറല്‍ സെക്രട്ടറി സതീഷ്കുമാര്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ അനീഷ് കൃഷ്ണന്‍, ആര്‍എംജി കണ്‍സ്ട്രക്ഷന്‍ എംഡി എം.ജി. റജി, കേരളസമാജം നേതാക്കളായ രാജശേഖരന്‍, പി.ഡി. പോള്‍, മോഹനന്‍ പിള്ള, വാസു തുടങ്ങിയവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.