മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ ഓണം ആഘോഷിച്ചു
Monday, August 24, 2015 8:21 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (മാവ്) യുടെ ഈ വര്‍ഷത്തെ ഓണം കേരളത്തില്‍നിന്നെത്തിയ കലാകാരന്മാരായ സിനിമാല ഐഡിയ സ്റാര്‍ സിംഗറിനൊപ്പം മെല്‍ബണ്‍ മലയാളികള്‍ ആഘോഷിച്ചു.

സ്പ്രിംഗ് ഡെയില്‍ ടൌണ്‍ ഹാളില്‍ നടന്ന ഓണാഘോഷത്തില്‍ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളെ സിനിമാലക്കാര്‍ ഹാസ്യ രൂപത്തില്‍ ജനഹൃദയങ്ങളില്‍ എത്തിച്ചപ്പോള്‍ സിനിമാലയെന്ന ചിരിമാലയ്ക്ക് കൊഴുപ്പും ജീവനും ഏകി. നല്ല ഗാനങ്ങളുമായി ജോബിയും സുമിയും ഐഡിയ സ്റാര്‍ വേദി ജനങ്ങള്‍ക്കായി പങ്കുവച്ചപ്പോള്‍ മെല്‍ബണ്‍ മലയാളികള്‍ ഐശ്വര്യപൂര്‍ണമായ ഓണത്തിന്റെ നെറുകയിലെത്തി.

മലയാളി അസോസിയേഷന്റെ നല്‍പ്പതാമത് ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം മാവ് ജോയിന്റ് സെക്രട്ടറിയും പിആര്‍ഒയുമായ സുനിത നിര്‍വഹിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം മലയാളി അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളായ ജോര്‍ജ് തോമസും ജി.കെ. മാത്യുവും ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ഓണാഘോഷങ്ങളുടെ സുവനീര്‍ പ്രകാശനം ഐഎച്ച്എന്‍എ ഡയറക്ടര്‍ ബിജോ കുന്നുംപുറത്ത് നല്‍കി ഡയാന സില്‍വെസ്റര്‍ നിര്‍വഹിച്ചു. നാളിതുവരെ നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്കു ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.