കാനഡയില്‍ അവയവദാനപ്രചാരണത്തിന്റെ ഉദ്ഘാടനം നടന്നു
Monday, August 24, 2015 5:29 AM IST
ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിനോടുള്ള ആദരസൂചകമായി ഏറ്റെടുത്ത അവയവദാനപ്രചാരണത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിപുലമായ ചടങ്ങില്‍നടന്നു. പ്രവാസി മലയാളികള്‍ക്ക് ആകെ മാതൃകയായി അവയവദാനം നടത്തിയ ശിവകുമാര്‍ സേതുവിനെ അവയവദാന പ്രചാരണം ഉദ്ഘാടനം ചെയ്ത ബ്രഹ്മശ്രീ കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി അഭിനന്ദിച്ചു. ഫാ ജേക്കബ് ആന്റണിയും യൂത്ത് കലാവേദി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ബോബനും കലാം അനുസ്മരണം പ്രഭാഷണം നടത്തി.

സ്വാതന്ത്യ്രദിനാഘോഷങ്ങളോടനുബന്ധിച്ചു കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ നടന്നു. ജയപാല്‍ കൂട്ടത്തിലും രൂപ നാരായണനും കലാ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. യൂത്ത്വേദി ചെയര്‍ രേഷ്മ നമ്പ്യാരുടെ നേതൃത്വത്തില്‍ നടന്ന സ്വതന്ത്രദിന ട്രബ്ളോ പ്രത്യേകം ശ്രദ്ധേയമായി. സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ബ്രഹ്മശ്രീ കരിയനൂര്‍ ദിവാകരന്‍ നമ്പൂതിരി ,സിആസ്ഐ ക്രൈസ്റ് ചര്‍ച്ച് വികാരി ഫാ. ജേക്കബ് ആന്റണി, മിസിസാഗ അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍, ഓര്‍മ്മ പ്രസിഡന്റ് ലിജോ ചാക്കോ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ് ഡോ. കരുണാകരന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ ഗോപകുമാര്‍ നായരെ സമാജം ആദരിച്ചു. ചടങ്ങില്‍ അടുത്ത പ്രവര്‍ത്തനവര്‍ഷത്തിലേക്കുള്ള സമാജം ഭാരവാഹികള്‍ ചുമതലയേറ്റു. ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി ബിഎംഎസ് ഹെല്‍പിംഗ് ഹാന്‍ഡ് എന്ന ആശയം വഴി നിര്‍ധന രോഗികളെയും, സമൂഹത്തില്‍ സാമ്പത്തികമായ പ്രയാസം നേരിടുന്നവരെയും ആവശ്യഘട്ടങ്ങളില്‍ സഹായിക്കാനും ലക്ഷ്യമിടുന്ന ബ്രാംപ്ടന്‍ മലയാളിസമാജം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഒട്ടേറെപ്പേര്‍ക്കു ഇതിനകം നോര്‍ത്ത് അമേരിക്കയിലും കേരളത്തിലും മറ്റുമായി ആശ്വാസമേകിയിട്ടുണ്ട്. ഈ പ്രവര്‍ത്തങ്ങള്‍ കരുത്തോടെ അടുത്ത വര്‍ഷവും തുടരുന്നതാണ് എന്ന് സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം, സെക്രട്ടറി ഉണ്ണി ഒപ്പത്ത് ട്രഷറര്‍ ജോജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

സമാജം സീനിയര്‍ വേദി ചെയര്‍ ലാല്‍ജി ജോണ്‍ ആശംസകള്‍ നേര്‍ന്നു. തോമസ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം