പ്രാര്‍ത്ഥനാമാല ഫിലഡല്‍ഫിയയില്‍
Tuesday, August 18, 2015 2:12 AM IST
ഫിലാഡല്‍ഫിയ: തിരുക്കുടുംബത്തിന്റെ രൂപം പ്രതിഷ്ഠിച്ചുള്ള പ്രാര്‍ത്ഥനാമാലയ്ക്ക് ഫിലാഡല്‍ഫിയയില്‍ തുടക്കമായി. സ്ത്രീയും പുരുഷനും ഭാര്യാ ഭര്‍ത്താക്കന്മാരായി, മാതാപിതാക്കളായി, മക്കളോടും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം പുലര്‍ത്തുന്ന, സ്നേഹദീപ്തമായ കുടുംബബന്ധങ്ങളെ, കച്ചവടക്കണ്ണുകളോടെ നിഷ്കാസനം ചെയ്ത്, അനാഥത്വം സൃഷ്ടിക്കുന്നതിന,് ആധുനിക അരാജക വാദികള്‍ ഉയര്‍ത്തുന്ന, മായികവും സ്വാഭാവികപ്രകൃതിയെ വികലമാക്കി ന്യായീകരിക്കുന്നതും, കലര്‍പ്പില്ലാത്ത മനുഷ്യത്വത്തെ നിന്ദിക്കുന്നതുമായ പ്രവണതകള്‍ക്കെതിരേ നിലകൊണ്ട്, ചിര പുരാതനമായ പവിത്ര കുടുംബ ശീലങ്ങളെ, കെടാതെ പുലര്‍ത്തുന്നതിനാണ് ഈ പ്രാര്‍ത്ഥനാ തിരിത്തിരമാലകള്‍ കൊളുത്തുന്നത്.

ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ നിര്‍ദിഷ്ട ഫിലാഡല്‍ഫിയ സന്ദര്‍ശനത്തിന്റെ ആവേശം കുറിച്ച്, കുടുംബ ഭദ്രതയുടെ മനോഹാരിതയിലേക്ക് ദീപം കൊളുത്തുക എന്ന ദൌത്യവുമുണ്ട്. സീറോ മലബാര്‍ ഷിക്കാഗോ രൂപതയിലെ ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ഇടവകയിലെ 400 കുടുംബങ്ങളില്‍ ദിനം പ്രതി ഈ പ്രാര്‍ത്ഥനാ മഞ്ജരി തുടരും. വെരി റവ ഫാ. ജോണിക്കുട്ടി പുലിശേരി തിരി തെളിച്ചു. ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി സെന്റ് ജോസഫ് വാര്‍ഡ്് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍