ഡാളസ് സൌഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന്
Saturday, August 15, 2015 1:17 AM IST
ഡാളസ്: ഡാളസ് സൌഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിനു കരോള്‍ട്ടണ്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തോഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ആഘോഷപരിപാടിയില്‍ റാന്നി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. റെജി കുര്യാക്കോസ് പങ്കെടുക്കുമെന്നു സെക്രട്ടറി അജയകുമാര്‍ അറിയിച്ചു

പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ് ഗോപാല പിള്ള മുഖ്യാതിഥിയായിരിക്കും. യോഗത്തില്‍ പ്രഫ. റെജി കുര്യാക്കോസിനെ ആദരിക്കും.

ഏബ്രഹാം തെക്കേമുറി (പ്രസിഡന്റ്, കെഎല്‍എസ്), ഫിലിപ്പ് തോമസ് സിപിഎ (നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസന ട്രഷറര്‍), ജോണ്‍സന്‍ തലച്ചല്ലൂര്‍ (വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജണല്‍ ചെയര്‍മാന്‍), സാറ ചെറിയാന്‍ (റിട്ട. ഹൈസ്കൂള്‍ ടീച്ചര്‍) എന്നിവര്‍ ഓണാശംസകള്‍ അറിയിക്കും.

സുകു വര്‍ഗീസ് പ്രോഗ്രാം ചെയര്‍മാനായുള്ള ഓണാഘോഷ പരിപാടിയുടെ മോഡറേറ്റര്‍ നിഷാ ജേക്കബ് ആയിരിക്കും.

'കല പരിപാടികള്‍ തുടങ്ങട്ടെ' എന്ന മാവേലിയുടെ വിളംബരത്തോടുകൂടി കലാ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.ഡാളസിലെ പ്രശസ്ത തിരുവാതിര ടീമിന്റെ അരങ്ങേറ്റം ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ 19 കൂട്ടം വിഭവങ്ങളടങ്ങിയ ഓണസദ്യയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

പരിപാടി ഡാളസിലെ മലയാളികള്‍ക്ക് ഏറ്റം ആസ്വാദ്യകരമായിരിക്കുമെന്നു സെക്രട്ടറി അജയകുമാര്‍, പ്രോഗ്രം ചെയര്‍മാന്‍ സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.