സാന്റാ അന്നയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
Saturday, August 1, 2015 8:26 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. സഹനദാസിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള ഏഴാമത്തെ തിരുനാളാണ് ഇടവക ദേവാലയത്തില്‍ നടത്തപ്പെട്ടത്.

ജൂലൈ 26-ന് രാവിലെ നടന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഷാജി തുമ്പേചിറയില്‍ കാര്‍മികത്വം വഹിച്ചു. പ്രാര്‍ഥനയിലൂടെ ജീവിച്ച് മാതൃക നല്‍കിയ കന്യാരത്നത്തിന്റെ മാതൃകയാണ് നമ്മുടെ ജീവിത്തെ ധന്യമാക്കുന്നതെന്നും അല്‍ഫോന്‍സാമ്മവഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുമാറാകട്ടെ എന്നും സന്ദേശത്തില്‍ ആശംസിച്ചു. തുടര്‍ന്നു പ്രദക്ഷിണത്തില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. ഷാജി തുമ്പേചിറയില്‍ എന്നിവര്‍ പങ്കെടുത്തു. ഇടവകയിലെ യുവജനങ്ങള്‍ മുത്തുക്കുടകളും പൊന്നിന്‍കുരിശും കൈകളിലേന്തിയപ്പോള്‍ ജോസുകുട്ടി പാമ്പാടിയുടെ നേതൃത്വത്തിലുള്ള ചെണ്ട മേളം പ്രദക്ഷിണത്തിനു മോടിയേകി.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സാന്റാ അന്ന ഇടവകയ്ക്കു സമ്മാനിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് എല്ലാവരും തൊട്ടുവണങ്ങി നേര്‍ച്ച സ്വീകരിച്ചപ്പോള്‍ ഇടവക ഗായകസംഘം വിശുദ്ധരുടെ സ്തുതിഗീതങ്ങള്‍ ആലപിച്ചു.

ഇടവകയിലെ സെന്റ് ജോസഫ് വാര്‍ഡുകാരാണ് സ്നേഹവിരുന്ന് നല്‍കിയത്. കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ എന്നിവരോടൊപ്പം ഇടവകാംഗങ്ങള്‍ ഒന്നായി തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഇമ്മാനുവേലച്ചന്റെ സെന്റ് തോമസ് ഫാമിലെ പച്ചക്കറികളുടെ വിളവെടുപ്പും തുടര്‍ന്നു നടന്ന വില്‍പ്പനയിലും എല്ലാവരും പങ്കുചേര്‍ന്നു. ട്രാവിസ് തോമസ് ദൃശ്യങ്ങള്‍ പകര്‍ത്തി.

ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം