ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സിന് ന്യൂയോര്‍ക്കിന്റെ കൈയൊപ്പ്
Wednesday, July 29, 2015 5:37 AM IST
ന്യൂയോര്‍ക്ക്: മാധ്യമ സൌഹൃദത്തിന്റെ പ്രഭവകേന്ദ്രമായ ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിന് അംബരചുംബികളുടെ നാടിന്റെ കൈയൊപ്പ്. പ്രസ്ക്ളബിനു തുടക്കമിട്ടതും വളര്‍ച്ചയുടെ ചാലകശക്തിയായി നിന്നതും ന്യൂയോര്‍ക്കാണെന്ന ചരിത്ര സത്യത്തിനു അടിവരയിടുന്നതായി ന്യൂയോര്‍ക്കിലെ മാധ്യമ സ്നേഹികളുടെ സഹകരണം. പ്രവാസ മലയാളി ജീവിതത്തിന്റെ ഊട്ടുപുരയായ ഷിക്കാഗോയില്‍ നടക്കുന്ന കോണ്‍ഫറന്‍സിന് ന്യൂയോര്‍ക്കിന്റെ അനുമോദന കുറിപ്പുമായി ഈ സ്പോണ്‍സര്‍ഷിപ്പുകള്‍.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൌഹൃദത്തിന്റെ സുവര്‍ണ നാവായ എസ്എസ് കമ്മോഡിറ്റീസ് സാരഥി തോമസ് കോശിയാണു ന്യൂയോര്‍ക്ക് സ്പോണ്‍സര്‍ഷിപ്പില്‍ അക്കൌണ്ട് തുറന്നത്. പടികടന്നെത്തിയ സഹായം എന്ന് സ്വര്‍ണ വിപണനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തോമസ് കോശിയുടെ സ്പോണ്‍സര്‍ഷിപ്പിനെ വിശേഷിപ്പിക്കാം. നേരറിയാവുന്ന പത്രപ്രവര്‍ത്തകര്‍ ഉള്‍ക്കൊളളുന്ന സംഘടന എന്ന നിലയിലാണ് എക്കാലവുമെന്നപോലെ ഇ ക്കുറിയും സ്പോണ്‍സറാവുന്നതെന്നു സഹായം വാഗ്ദാനം ചെയ്ത ട്രൈസ്റേറ്റ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റും വെസ്റ്ചെസ്റര്‍ കൌണ്ടി ഹ്യൂമന്‍റൈറ്റ്സ് കമ്മിഷണറുമായ തോമസ് കോശി ചൂണ്ടിക്കാട്ടി.

രണ്ടാം ചിന്തയില്ലാതെയാണ് അമേരിക്കന്‍ മലയാളി സമൂഹത്തിലെ സോഷ്യല്‍ ആക്ടിവിസ്റ്റായ തോമസ് ടി. ഉമ്മന്‍ സ്പോണ്‍സറായത്. ഒറ്റയാള്‍ പട്ടാളമായി നടന്ന എനിക്ക് പിന്തുണയുടെ സൈന്യത്തെ നല്‍കിയത് ഇന്ത്യ പ്രസ്ക്ളബ് ആയിരുന്നുവെന്നു തോമസ് ടി. ഉമ്മന്‍ അനുസ്മരിച്ചു.

പ്രവാസി മലയാളി ഗ്ളോബല്‍ ഫൌണ്േടഷന്‍ ചെയര്‍മാനും ന്യൂയോര്‍ക്ക് ആസ്ഥാനമായ ഡയാലിസിസ് എക്യുപ്മെന്റ് സര്‍വീസസ് സാരഥിയുമായ ഡോ. ജോസ് കാനാട്ട് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയപ്പോള്‍ കോണ്‍ഫറന്‍സ് എവിടെ എന്നു ചോദിച്ചില്ല. പകരം ഇന്ത്യ പ്രസ്ക്ളബ് സമ്മേളിക്കുന്നിടത്ത് താനുണ്ടാകും എന്ന വാഗ്ദാനമാണു നല്‍കിയത്.

ഇന്‍ഷ്വറന്‍സ്, ഇന്‍വെസ്റ്മെന്റ് ബാങ്കിംഗ് രംഗത്ത് നൈപുണ്യതയുടെ പര്യായമായ ഹെഡ്ജ് ഫണ്ട് സാരഥി ജേക്കബ് ഏബ്രഹാം (സജി) സ്പോണ്‍സറായപ്പോള്‍ അതു പിന്തുണയുടെ തനിയാവര്‍ത്തനം തന്നെയായി. 2009 മുതല്‍ ഇന്ത്യ പ്രസ്ക്ളബ് സ്പോണ്‍സറായ സജി സൌഹൃദം ഊട്ടിയുറപ്പിക്കുന്നതായേ താന്‍ ഇതിനെ കാണുന്നുളളുവെന്നും പറഞ്ഞു.

അമേരിക്കന്‍ മലയാളിസമൂഹത്തിലെ തറവാടികളുടെ സംഘടനയായ ഫോമയുടെ സാരഥികള്‍ എക്കാലവും ഇന്ത്യ പ്രസ്ക്ളബിനൊപ്പംതന്നെ എന്ന സന്ദേശമാണ് ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലിം) സ്പോണ്‍സറായതിലൂടെ നല്‍കിയത്.

നാട്ടില്‍വച്ചു തന്നെ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായ ചെങ്ങന്നൂര്‍ സ്വദേശിയായ സലിമിന് ഏതു സംഘടനയുടെയും ഘടനാപരമായ കെട്ടുറപ്പിനെക്കുറിച്ച് അവബോധമുണ്ട്. അമേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രമുഖമായ വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നും ദേശീയ തലത്തിലേക്കു ചിറകടിച്ചുയര്‍ന്ന സലിം ഇന്ത്യ പ്രസ്ക്ളബിന്റെ സാമൂഹ്യ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.

സലിമിനൊപ്പം വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷനില്‍നിന്നു രണ്ടുപേര്‍ കൂടി സ്പോണ്‍സര്‍ ലിസ്റില്‍ ഇടം നേടി. ദേശീയ സംഘടനയായ ഫൊക്കാനയുടെ ട്രഷറര്‍ ജോയി ഇട്ടനും മുന്‍ സാരഥി കൊച്ചുമ്മന്‍ ടി. ജേക്കബും തങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തന മേഖലയിലെ വളര്‍ച്ചയ്ക്ക് ഇന്ത്യ പ്രസ്ക്ളബ് നല്‍കിയ പിന്തുണയ്ക്ക് അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച രണ്ടുപേരും സ്പോണ്‍സര്‍ ലിസ്റില്‍ ഇടം നേടി. ഓള്‍ സ്റേറ്റ് ഇന്‍ഷ്വറന്‍സ് എന്ന വന്‍കിട അമേരിക്കന്‍ സ്ഥാപനത്തെ മലയാളികള്‍ക്ക് പരിചിതമാക്കിയ റോയി സി. തോമസും റെജി വലിയകാലായും. ലോംഗ് ഐലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇരുവരും തങ്ങളുടെ വളര്‍ച്ചക്ക് അമേരിക്കയിലെ മലയാള മാധ്യമങ്ങളും അതിന്റെ ഗസറ്റഡ് സംഘടനയായ ഇന്ത്യ പ്രസ്ക്ളബും നല്‍കിയ സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ ബേസൈഡില്‍ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റോയി തോമസ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ ഒന്നാംനിരക്കാരനാണ്. ഇന്‍ഷ്വറന്‍സ് സംബന്ധമായ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ സേവനം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രസിഡന്റിന്റെ ഇന്നര്‍ സര്‍ക്കിള്‍ അവാര്‍ഡുള്‍പ്പടെ ഓര്‍സ്റ്റേറ്റില്‍നിന്നു റീജണല്‍, നാഷണല്‍ തലത്തില്‍ മിക്കവാറുമെല്ലാ ബഹുമതികളും റോയി സി. തോമസ് നേടിയിട്ടുണ്ട്.

റെജി വലിയകാലാ എന്നു പരക്കെ അറിയപ്പെടുന്ന ജോസഫ് തോമസ് ന്യൂയോര്‍ക്കിലെ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്ററായ റെജി വലിയകാലാ കഴിഞ്ഞ 18 വര്‍ഷമായി ഓള്‍സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധിയുമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു കൈയയച്ച് സഹായം നല്‍കുന്ന റെജി ന്യൂയോര്‍ക്ക് മേഖലയിലെ വിവിധ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നു. സെന്റ്തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, അമേരിക്കന്‍ മലയാളി ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ്, ഹെല്‍പിംഗ് ഹാന്‍ഡ്സ് ഓഫ് കേരള ബോര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മാധ്യമ പ്രവര്‍ത്തകരുമായുളള ഇഴപിരിക്കാനാവാത്ത ബന്ധം ചൂണ്ടിക്കാട്ടിയാണു സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമായ മനോഹര്‍ തോമസ് ഇന്ത്യ പ്രസ്ക്ളബ് ഷിക്കാഗോ കോണ്‍ഫറന്‍സ് സ്പോണ്‍സറായത്. സാഹിത്യ സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്റുമായ മനോഹര്‍ തോമസ് മലയാള ഭാഷയുടെ വികാസത്തിനു ഇവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകളെ അനുസ്മരിച്ചു. താനുള്‍പ്പെടുന്ന സാഹിത്യപ്രവര്‍ത്തകര്‍ക്ക് അളവില്ലാത്ത പിന്തുണ ഇവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്െടന്നും മനോഹര്‍ അഭിപ്രായപ്പെട്ടു.

നിശബ്ദ സേവനവുമായി ന്യൂയോര്‍ക്ക് മലയാളിസമൂഹത്തില്‍ നിറസാന്നിധ്യമായ വര്‍ഗീസ് തെക്കേക്കര അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരെ പിന്തുണക്കുന്നത് തന്നെപ്പോലുളള സാമൂഹ്യ പ്രവര്‍ത്തകരുടെ കടമയാണെന്നു പറഞ്ഞുകൊണ്ടാണു സ്പോണ്‍സര്‍ഷിപ്പ് വച്ചുനീട്ടിയത്. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ സജീവമായ വര്‍ഗീസ് തെക്കേക്കര വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാനുമാണ്.

എന്നും എക്കാലവും നിങ്ങള്‍ക്കൊപ്പമുണ്ടാകും എന്ന വാഗ്ദാനം നല്‍കിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് കോണ്‍ഗ്രസ് കേരള ഘടകം പ്രസിഡന്റുമായ കളത്തില്‍ വര്‍ഗീസ് ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സ് സ്പോണ്‍സറായത്. ഇന്ത്യ പ്രസ്ക്ളബിന്റെ മിക്കവാറുമെല്ലാ കോണ്‍ഫറന്‍സുകള്‍ക്കും സ്പോണ്‍സറായിരുന്നു കളത്തില്‍ വര്‍ഗീസ്. തന്റെ സാമൂഹ്യ, രാഷ്ട്രീയപ്രവര്‍ത്തന മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് അമേരിക്കയിലെ മലയാള മാധ്യമങ്ങളും ഇന്ത്യ പ്രസ്ക്ളബും നല്‍കിയ സഹകരണത്തിനു കളത്തില്‍ വര്‍ഗീസ് നന്ദി അറിയിച്ചു.

കോണ്‍ഫറന്‍സ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചയുടന്‍ സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്ത ന്യൂയോര്‍ക്കുകാരായ ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, ടാക്സ് കണ്‍സള്‍ട്ടന്റും ഫിനാന്‍ഷ്യല്‍ അഡ്വൈസറുമായ ജയിന്‍ ജേക്കബ് എന്നിവര്‍.

ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയിലാണു നടക്കുക. പ്രവാസ മലയാള ജീവിതത്തിന്റെ നടുമുറ്റമെന്നു വിശേഷിപ്പിക്കാവുന്ന ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ് കോണ്‍ഫറന്‍സ് നടക്കുക. ഗവണ്‍മെന്റ് ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫ റന്‍സില്‍ മാധ്യമ രംഗത്തെ പ്രമുഖരായ കേരള മീഡിയ അക്കാഡമി ചെയര്‍മാനും ദീപികയുടെ ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് എന്നിവരാണു കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി