ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാ തിരുനാള്‍
Monday, July 27, 2015 5:17 AM IST
ഫിലാഡല്‍ഫിയ: സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആത്മീയ സായൂജ്യമായി. ഷിക്കാഗോ രൂപതയുടെ ഡയോസിഷന്‍ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തില്‍പറമ്പില്‍ , ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവര്‍ കാര്‍മ്മികരായി.

മനുഷ്യാത്മാവിന്റെ ദൈവഭക്തിയുടെ, സ്വയം ശൂന്യമാക്കി ദൈവസ്നേഹത്താല്‍ നിറയുന്നതിന്റെ, അനുസരണത്തിന്റെ, ആത്മീയസന്തോഷം തേടുമ്പോള്‍ ജഡമോഹ വ്യഗ്രതകള്‍ അപ്രസക്തമാകുന്നതിന്റെ, മനുഷ്യസഹനത്തിന്റെ, പരസേവനത്തിന്റെ, പ്രാര്‍ത്ഥനയുടെ, ഭാരതീയ വനിതാ മേന്മയുടെ, സീറോ മലബാര്‍ സഭയുടെ, കേരളമണ്ണിന്റെ എല്ലാം മഹത്തായ മാതൃകയാണു വിശുദ്ദ അല്‍ഫോന്‍സാമ്മയുടെ ജീവിതമെന്നു തിരുനാള്‍ സന്ദേശത്തില്‍ ഫാ. വിനോദ് മഠത്തില്‍പറമ്പില്‍ ഉദ്ഘോഷിച്ചു. അമേരിക്കയിലെ മൂല്യങ്ങള്‍ക്കുമേല്‍ അമൂല്യമായ ആത്മീയതകൊണ്ട് നമ്മുടെ ജീവിത ദൌത്യം അര്‍ഥപൂര്‍ണമാക്കാന്‍ അല്‍ഫോന്‍സാമ്മയുടെ ജീവിത മാതൃക പ്രചോദനമേകും.

സെന്റ് അല്‍ഫോന്‍സാ വാര്‍ഡ് അംഗങ്ങളായിരുന്നു തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരും, വാര്‍ഡ് പ്രസിഡന്റ് റോയി വര്‍ഗീസ്, വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്, ട്രഷറാര്‍ സോജന്‍ പോള്‍ എന്നിവരും കര്‍മ്മങ്ങള്‍ക്ക് കാര്യദര്‍ശികളായി പ്രവര്‍ത്തിച്ചു. വി. കുര്‍ബാന, വി.അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച, പാച്ചോര്‍ എന്നിവ നടന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍