പിതാവിന്റെ ജന്മ നാട്ടില്‍ പ്രസിഡന്റ് ഒബാമയുടെ ആദ്യ സന്ദര്‍ശനം
Saturday, July 25, 2015 8:36 AM IST
കെനിയ/ഡാളസ്: പിതാവ് അന്ത്യ വിശ്രമം കൊളളുന്ന കെനിയയില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സന്ദര്‍ശനത്തിനെത്തി. ഒബാമ സഞ്ചരിക്കുന്ന റോഡുകളെല്ലാം മണിക്കൂറുകള്‍ക്കു മുമ്പു തന്നെ പൂര്‍ണമായും ബ്ളോക്ക് ചെയ്തിരുന്നു. തെരക്കു പിടിച്ച തലസ്ഥാന നഗരത്തിലെ റോഡുകള്‍ക്ക് ഇരുവശവും ഒബാമയെ സ്വീകരിക്കുന്നതിന് ആയിരക്കണക്കിനു ജനങ്ങളാണ് സന്ധ്യ മയങ്ങിയിട്ടും കാത്തു നിന്നിരുന്നത്. ഒബാമയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ ജനങ്ങള്‍ പതാകകള്‍ വീശി, അമേരിക്കന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു.

കെനിയന്‍ പ്രസിഡന്റ് ഉഹ്റു കെനിയാട്ട് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രസിഡന്റ് ഒബാമയെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തില്‍ എത്തിചേര്‍ന്നിരുന്നു. നെയ്റോബിയില്‍ നടക്കുന്ന ഗ്ളോബല്‍ സമ്മിറ്റിനെ പ്രസിഡന്റ് ഒബാമ അഭിസംബോധന ചെയ്യും.

നെയ്ബോറി വെസ്റ് ഗേറ്റ് ഷോപ്പിംഗ് സെന്ററില്‍ അല്‍ ക്വയ്ദ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട 67 പേര്‍ക്കും സൊമാലി ബോര്‍ഡറിലുളള കെനിയന്‍ യൂണിവേഴ്സിറ്റി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്കും 1988 യുഎസ് എംബസി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഒബാമ അഭിവാദ്യം അര്‍പ്പിക്കും.

പ്രസിഡന്റ് എന്ന നിലയില്‍ ആദ്യമായാണ് സന്ദര്‍ശനം നടത്തുന്നതെങ്കിലും സെനറ്റര്‍ എന്ന നിലയില്‍ ഒബാമ കെനിയ സന്ദര്‍ശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍