ഐക്കണ്‍ ചാരിറ്റീസിന്റെ നേപ്പാള്‍ ഫണ്ട് ശനിയാഴ്ച കാതോലിക്കാ ബാവായ്ക്കു കൈമാറും
Thursday, July 2, 2015 5:13 AM IST
ഫിലഡല്‍ഫിയ: നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി കഇഛച (ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് നെറ്റ് വര്‍ക്ക്) സമാഹരിച്ച തുക ശനിയാഴ്ച ഫിലഡല്‍ഫിയ സന്ദര്‍ശിക്കുന്ന മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കു കൈമാറും.

ശ്ളൈഹിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഈ പുണ്യകര്‍മത്തില്‍ സഹായിക്കാന്‍ ആഹ്വാനം നല്‍കി വിശ്വാസികള്‍ക്കു പ്രത്യേക കല്‍പന പുറപ്പെടുവിച്ചിരുന്നു. സഭയുടെ കീഴില്‍ വിദേശരാജ്യങ്ങളിലുള്ള ഇടവകകളില്‍നിന്നും ചാരിറ്റീസിന്റെ നേതൃത്വത്തില്‍ ഫണ്ട് സമാഹരിക്കുന്നുണ്ട്. നിരവധി വ്യക്തികളും പള്ളികളും ഈ സദുദ്യമത്തില്‍ സഹായിക്കാന്‍ തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.
ചാരിറ്റീസിന്റെ നേതൃത്വത്തില്‍ ലൂഥറന്‍ വേള്‍ഡ് ഫൌണ്േടഷനും (എല്‍ ഡബ്ള്യു എഫ് നേപ്പാള്‍)ലൂഥറന്‍ വേള്‍ഡ് സര്‍വീസ് ഇന്ത്യ ട്രസ്റ്റും (എല്‍ഡബ്യുഎസ്ഐറ്റി) ചേര്‍ന്നാണു ഫണ്ട് സമാഹരണത്തിനായി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടം സംഭാവന (എല്‍ഡബ്ള്യുഎഫ് നേപ്പാളിന് അയച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ തുക അയച്ചുകൊടുക്കാനുള്ള ശ്രമങ്ങളിലാണ് കഇഛച.

ജൂലൈ മൂന്ന്, നാല് തീയതികളില്‍ പരിശുദ്ധ കാതോലിക്കാ ബാവ, ഫിലാഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സന്ദര്‍ശിക്കുന്നുണ്ട്. തദവസരത്തില്‍, ജൂലൈ നാലിന് കുര്‍ബാനയ്ക്ക്ശേഷം, കഇഛച നു വേണ്ടി , നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്, ദുരിതാശ്വാസതുകയുടെ രണ്ടാം ഗഡു പരിശുദ്ധ കാതോലിക്കാ ബാവയ്ക്കു കൈമാറും.

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍, സൌത്ത് വെസ്റ് അമേരിക്കന്‍, യൂറോപ്യന്‍ ഭദ്രാസനങ്ങള്‍, നിരവധി സംഘടനകള്‍ തുടങ്ങിയവ ഈ ഫണ്ട് സമാഹരണയജ്ഞത്തില്‍ സഹകരിച്ചതു സ്മരിച്ചു. ദുരിതബാധിതരായ പിഞ്ചോമനകളുടെ കണ്ണീരൊപ്പാനും അമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വനമേകാനും ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ കഇഛച വോളന്റിയേഴ്സിനുവേണ്ടി ഉമ്മന്‍ കാപ്പില്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍