പനിക്കിടക്കയില്‍ സംസ്ഥാനം; ബോധവത്കരണവുമായി സര്‍ക്കാര്‍
Tuesday, June 30, 2015 8:36 AM IST
ബംഗളൂരു: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. കാലവര്‍ഷം കൂടിയെത്തിയതോടെ ശരവേഗത്തിലാണ് പകര്‍ച്ചപ്പനി പടരുന്നത്. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

ബിബിഎംപി ആശുപത്രികളില്‍ സൌജന്യ ചികിത്സയ്ക്കു നിര്‍ദേശം നല്കി. പകര്‍ച്ചപ്പനി തടയുന്നതിനായി പ്രതിരോധ നടപടികള്‍ അടങ്ങിയ ലഘുലേഖകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ അടിസ്ഥാനത്തിലും പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തുന്നു. സ്കൂളുകള്‍ വഴിയുള്ള ബോധവത്കരണ പരിപാടികള്‍ക്കു പുറമേ, നഗരത്തിലെ സ്കൂള്‍ അധ്യാപകര്‍ക്കായി ഡെങ്കിപ്പനി ബോധവത്കരണ ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.

പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വീടിനു സമീപം കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. പ്ളാസ്റിക് ടാങ്കുകള്‍, ചിരട്ടകള്‍, ഉപയോഗഗശൂന്യമായ ടയറുകള്‍, പൂച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഡെങ്കിപ്പനിയുടെയോ ചിക്കുന്‍ ഗുനിയയുടെയോ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി ഉടന്‍തന്നെ ഡോക്ടറെ കാണണമെന്നും നിര്‍ദേശിച്ചു. പനിബാധിതര്‍ക്കായി ബിബിഎംപി ആശുപത്രിയില്‍ എപ്പോഴും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

മഴ കനത്തതോടെ പകര്‍ച്ചപ്പനി കേസുകള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഈവര്‍ഷം നഗരപരിധിയില്‍ 223 പേര്‍ക്കും അര്‍ബന്‍ ജില്ലയില്‍ 46 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 25 ദിവസത്തിനിടെ 182 ഡെങ്കിപ്പനി കേസുകളാണ് ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. മേയില്‍ മാത്രം 48 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൌത്ത് ബംഗളൂരുവിലെ വിജയനഗര്‍, ജയനഗര്‍ എന്നിവിടങ്ങളിലും ഈസ്റ് ബംഗളൂരുവിലെ സി.വി. രാമന്‍ നഗര്‍, ശിവാജി നഗര്‍, വര്‍ത്തൂര്‍, മഹാദേവപുര എന്നിവിടങ്ങളിലും വെസ്റ് ബംഗളൂരുവിലെ രാജാജിനഗര്‍, മഹാലക്ഷ്മിപുരം എന്നിവിടങ്ങളിലും നോര്‍ത്ത് ബംഗളൂരുവിലെ പീനിയ, യെലഹങ്ക എന്നിവിടങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ കണ്െടത്തിയത്.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി മണിപ്പാല്‍ ആശുപത്രിയില്‍ ദിവസവും 40 പേരെയാണ് എത്തിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.