കൊളോണിയല്‍ മാര്‍ത്തോമ വിബിഎസിനു തുടക്കമായി
Friday, June 26, 2015 8:10 AM IST
മെക്സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനത്തിനു കീഴില്‍ മെക്സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന കൊളോണിയല്‍ മാര്‍ത്തോമ ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) ആരംഭിച്ചു.

ജൂണ്‍ 25 മുതല്‍ 27 വരെ നടക്കുന്ന വിബിഎസിനു ഹൂസ്റണ്‍, ഡാളസ് മാര്‍ത്തോമ ഇടവകകളില്‍ നിന്നും ഏകദേശം നാല്‍പ്പതോളം യുവജനങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ച്ചയായി ഇതു നാലാം തവണയാണു കൊളോണിയല്‍ മാര്‍ത്തോമ ദേവാലയത്തില്‍ വിബിഎസ് സംഘടിപ്പിക്കുന്നത്.

ക്രിസ്തുവിനോടൊപ്പം കുഞ്ഞുങ്ങളുടെ അവധിക്കാലം ചെലവഴിക്കുവാനും അതുമൂലം ആത്മീയ സന്തോഷം ഉളവാക്കുവാനും വിബിഎസ് മൂലം സാധിക്കുന്നു. ബൈബിള്‍ പഠനങ്ങള്‍, ഗാന പരിശീലനം, ക്രാഫ്റ്റ്സ് വര്‍ക്കുകള്‍, വിവിധ വിനോദ പരിപാടികള്‍ എന്നിവ വിബിഎസിന്റെ ഭാഗമായി നടക്കും. കൊളോണിയല്‍ മാര്‍ത്തോമ ദേവാലയത്തില്‍ സംഘടിപ്പിക്കുന്ന വിബിഎസ് കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആത്മാര്‍ഥമായ പങ്കാളിത്തത്താല്‍ മാധുര്യമേറും ക്രൈസ്തവ ദര്‍ശനത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകരമായ വിബിഎസിനു ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്കോപ്പാ ഭദ്രാസന കൌണ്‍സില്‍ എന്നിവരുടെ പ്രാര്‍ഥനയും പിന്തുണയും കൂടുതല്‍ സഹായകരമാകുന്നു.

മാര്‍ത്തോമ സഭയുടെ അഭിമാനമായ മെക്സിക്കോ കൊളോണിയല്‍ മാര്‍ത്തോമ ദേവവാലയത്തില്‍ നടക്കുന്ന വിബിഎസിന് ചിട്ടയായും വിപുലവുമായ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു. മാര്‍ത്തോമ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്കോപ്പാ, കൌണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ കൊളോണിയല്‍ മാര്‍ത്തോമ ദേവാലയം സന്ദര്‍ശിക്കുകയും വിബിഎസിനും മറ്റു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട നേതൃത്വം നല്‍കുകയും ചെയ്യും. വിബിഎസിന്റെ വിജയകരമായ നടത്തിപ്പിനായി എര്‍ലിന്‍ മാത്യു, അരുണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം