കാതോലിക്കാ ബാവായുടെ അമേരിക്കന്‍ സന്ദര്‍ശനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, June 19, 2015 8:10 AM IST
ന്യൂയോര്‍ക്ക്: മലങ്കര സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 14 ദിവസത്തെ സന്ദര്‍ശനത്തിനായി ജൂണ്‍ 30ന് അമേരിക്കയില്‍ എത്തും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.15നു ന്യൂയോര്‍ക്ക് ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ എത്തുന്ന കാതോലിക്ക ബാവയെയും സംഘത്തെയും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളാവാസ്, ഭദ്രാസനത്തിലെ വൈദികര്‍, സഭാ മാനേജിഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്നു നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ ബാവ അരമന ചാപ്പലില്‍ സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കും.

1979ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസങ്ങളിലേക്കു കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ്. ഇരു ഭദ്രാസനങ്ങളിലും ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ഡാളസ് എന്നീ മൂന്നു സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍നിന്നും ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും. കാതോലിക്കാ നിധി ശേഖരണത്തിനു കേരളത്തിലെ മെത്രാസനങ്ങളില്‍ കാതോലിക്കാ ബാവ ശ്ളൈഹിക സന്ദര്‍ശം നടത്തുന്ന പതിവ് പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് പ്രഥമന്‍ ബാവായുടെ കാലത്താണ് തുടക്കമിട്ടത്.

ജൂലൈ മൂന്നിനു (വെള്ളി) വൈകുന്നേരം ഫിലാഡല്‍ഫിയയിലേക്കു പോകുന്ന കാതോലിക്ക ബാവ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സന്ധ്യാനമസ്കാരത്തിനു നേതൃത്വം നല്‍കും. ശനി രാവിലെ 8.30നു പ്രഭാതനമസ്കാരത്തെ തുടര്‍ന്നു 9.30നു വിശുദ്ധ കുര്‍ബാനയ്ക്ക് കാതോലിക്ക ബാവ കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 1.30നു കാതോലിക്കാ നിധി ശേഖരണവുമായി ബന്ധപ്പെട്ട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കൊളവോസിന്റെ അധ്യക്ഷതയില്‍ വാഷിംഗ്ടണ്‍ ഡിസി, ബാള്‍ട്ടിമോര്‍, ഫിലാഡല്‍ഫിയ എന്നീ ഏരിയയിലെ പള്ളി പ്രതിപുരുഷന്മാരുടെ മെത്രാസനയോഗത്തില്‍ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, വൈദിക ട്രസ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും

നാലിനു (ശനി) വൈകുന്നേരം ന്യൂയോര്‍ക്കിലേക്കുപോകുന്ന കാതോലിക്ക ബാവയും സംഘവും ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സന്ധ്യാനമസ്കാരം നടത്തും.

അഞ്ചിനു (ഞായര്‍) രാവിലെ 8.30 നു പ്രഭാതനമസ്കാരത്തെ തുടര്‍ന്നു 9.30നു വിശുദ്ധ കുര്‍ബാനക്ക് കാതോലിക്ക ബാവ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് 3.30നു ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കൊളവോസിന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി ഏരിയയിലെ പള്ളി പ്രതിപുരുഷന്മാരുടെ യോഗം നടക്കും. കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് ഭദ്രാസന പ്രധിനിധികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, വൈദിക ട്രസ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും

ഏഴിനു (ചൊവ്വ) വൈകുന്നേരം 5.45നു ഡാളസ് ഡിഎഫ്ഡബ്ള്യു എയര്‍പോര്‍ട്ടില്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെയും സംഘത്തെയും സൌത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസിന്റെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും ചേന്ന് സ്വീകരിക്കും. വൈകുന്നേരം 6.30നു ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ സന്ധ്യാനമസ്കാരവും ഭദ്രാസന വൈദികധ്യാനവും നടക്കും.

എട്ടിനു (ബുധന്‍) രാവിലെ ഒമ്പതിന് സൌത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍നിന്നുമുള്ള വൈദികരും വിശ്വാസികളും ചേന്നു കാതോലിക്കാ ബാവക്ക് ഔദ്യോഗിക വരവേല്‍പ്പു നല്‍കും. ഭദ്രാസന സെക്രട്ടറി ഫാ. ജോയ് പൈങ്ങോലില്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭദ്രാസനപള്ളി പ്രതിപുരുഷന്മാരുടെ മെത്രാസനയോഗത്തില്‍ കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് പരിശുദ്ധ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, വൈദിക ട്രസ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.

ജൂലൈ എട്ടു മുതല്‍ 11 വരെ ഡാളസ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടക്കുന്ന സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ കാതോലിക്കാ ബാവയും സംഘവും പങ്കെടുക്കും.

11 നു (ശനി) വൈകുന്നേരം കാനഡയിലെ ടൊറന്റോയിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവാ പുതുക്കി പണിത ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ നിര്‍വഹിക്കും.

12നു (ഞായര്‍) 7.30നു പ്രഭാതനമസ്കാരത്തോടെ ദേവാലയ കൂദാശയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്നു ടൊറന്റോ ഏരിയയിലെ വിവിധ ഇടവകകളിലെ സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം ആദരിക്കും. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ്, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

13നു (തിങ്കള്‍) പരിശുദ്ധ കാതോലിക്കാബാവയും സംഘവും ന്യൂയോര്‍ക്കില്‍ നിന്നു കേരളത്തിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം