മാധ്യമങ്ങള്‍ സത്യത്തിന്റെ പാത തെരഞ്ഞെടുക്കണം: വി.എം. സുധീരന്‍
Saturday, May 16, 2015 7:22 AM IST
തിരുവനന്തപുരം: പത്രധര്‍മം സത്യത്തിന്റെ പാതയില്‍ നേരായി നടത്തുന്നവരാണ് യഥാര്‍ഥ പത്രധര്‍മം നിറവേറ്റുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

സമൂഹത്തില്‍ മാധ്യമത്തിന്റെ പങ്കു വലുതാണെന്നും പ്രശ്നങ്ങളെ സങ്കീര്‍ണമാക്കലല്ല യഥാര്‍ഥ പത്രധര്‍മമെന്നും ഓസ്ട്രേലിയയില്‍ പ്രസിദ്ധീകരിക്കുന്ന ഒഐസിസി ന്യൂസിന്റെ അഞ്ചാമത് വാര്‍ഷിക ചടങ്ങുകള്‍ കെപിസിസി ഓഫീസില്‍ നിര്‍വഹിച്ചു സുധീരന്‍ പറഞ്ഞു.

മറ്റൊരു രാജ്യത്ത് മലയാളത്തിന്റെ തനിമയില്‍ പത്രം അച്ചടിച്ച് വിതരണം നടത്തുക പ്രയാസമാണെന്നും ഒഐസിസി ന്യൂസിന്റെ പ്രവര്‍ത്തനവും വാര്‍ത്തകളുടെ പ്രസക്തിയുമാണ് അതിനെ അഞ്ചു വര്‍ഷവും നിലനിര്‍ത്തിയതെന്നും അഭിപ്രായപ്പെട്ട സുധീരന്‍ വാര്‍ത്തകളില്‍ വിരോധം അടിച്ചേല്‍പ്പാക്കാതെ നേരിന്റെ പാത ഇനിയും പിന്തുടരുവാന്‍ ഒഐസിസി ന്യൂസെന്ന ഈ ഇന്ത്യന്‍ പത്രത്തിനാകട്ടെ എന്നും ആശംസിച്ചു.

ന്യസിന്റെ അഞ്ചാമത് വാര്‍ഷികാഘോഷം ഡിസംബറില്‍ ഓസ്ട്രേലിയയില്‍ നടക്കുമെന്നും പ്രശസ്ത സാഹിത്യകാരന്മാരും പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കുമെന്നും ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ് ചടങ്ങില്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഏബ്രഹാം, താമ്പാനൂര്‍ രവി എന്നിവര്‍ പങ്കെടുത്തു.