മാര്‍ത്തോമാ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Wednesday, May 6, 2015 5:49 AM IST
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം 2015 ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെയുള്ള തീയതികളില്‍ നടത്തുന്ന 31-മതു ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

ന്യൂയോര്‍ക്കില്‍നിന്നു വളരെയടുത്തുള്ള സ്റാഫോര്‍ഡ് ഹില്‍ട്ടണ്‍ ഹോട്ടല്‍, എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററില്‍വച്ചാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. കണക്ടിക്കട്ടിലെ വളരെ മനോഹരമായ ഈ ഹോട്ടല്‍ സമുച്ചയത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് ഒരേസമയം ഇരുന്ന് വീക്ഷിക്കാവുന്ന ബാങ്ക്വറ്റ് ഹാളും, വിവിധ കോണ്‍ഫറന്‍സ് ഹാളുകളും, ജിംനേഷ്യം-സ്വിമ്മിംഗ് പൂള്‍, ഗെയിംസ് ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍, ഭക്ഷണശാലയായ ഗാര്‍ഡന്‍ പവലിയന്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ സൌകര്യങ്ങളാണുള്ളത്.

ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചു ജൂലൈ ഒന്നാം തീയതി ന്യൂയോര്‍ക്ക് സിറ്റി ബസ് ടൂറും ക്രമീകരിച്ചിട്ടുണ്ട്.

മാര്‍ത്തോമാ സഭയുടെ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ പൂര്‍ണസമയ സാന്നിധ്യവും നേതൃത്വവും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനു ലഭിക്കുന്നു. മുഖ്യ ക്ളാസുകള്‍ക്ക് പ്രശസ്ത വേദപണ്ഡിതന്‍ റവ. ഡോ. ഷാം പി. തോമസ് അച്ചനും വിവിധ ട്രാക്ക് ഗ്രൂപ്പുകളുടെ വേദപണ്ഡിതനും, വിഷയാവതരണങ്ങള്‍ക്കും വൈദിക-അത്മായ നേതാക്കളും നേതൃത്വം നല്‍കുന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു. കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയമായ 'കുടുംബങ്ങളുടെ കുടുംബമായ സഭയുടെ ദൌത്യം- മാനവീകതയുടെ പ്രത്യാശ' അടിസ്ഥാനമാക്കിയുള്ള ക്ളാസുകള്‍, വേദപഠനം, സ്റേജ് അവതരണങ്ങള്‍, സാമൂഹ്യവിഷയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ ഇവ കോണ്‍ഫറന്‍സിന്റെ സവിശേഷതകളാണ്.

മാര്‍ത്തോമാ സഭയുടെ അമേരിക്ക, കാനഡ, യൂറോപ്പ് ഇടവകളില്‍നിന്നും ധാരാളം കുടുംബങ്ങള്‍ കോണ്‍ഫറന്‍സില്‍ രജിസ്റര്‍ ചെയ്തതായി ജനറല്‍ കണ്‍വീനര്‍ റവ. ഷിബു മാത്യു അറിയിച്ചു. ഏകദേശം മുന്നൂറു കുടുംബങ്ങള്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വൈദിക കുടുംബസംഗമവും അസംബ്ളിയും ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ നടത്തപ്പെടുന്നു.

അമേരിക്കന്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഫാമിലി കോണ്‍ഫറന്‍സിന്റെ 31-മത് കൂടിവരവിനു ആതിഥ്യമരുളുന്നത് നോര്‍ത്ത് ഈസ്റ് റീജണിലുള്ള ഒമ്പത് ഇടവകകളുടെ സംയുക്ത കമ്മിറ്റിയായ ആര്‍എസിയാണ്. ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി പ്രസിഡന്റും, ഭദ്രാസന സെക്രട്ടറി റവ. ബിനോയി ജെ. തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ്, റവ. ഷിബു മാത്യു (ജനറല്‍ കണ്‍വീനര്‍), സാമുവേല്‍ കെ. സാമുവേല്‍ (കോണ്‍ഫറന്‍സ് സെക്രട്ടറി), തമ്പി കുര്യന്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍) എന്നിവര്‍ അടങ്ങിയ സ്റിയറിംഗ് കമ്മിറ്റിയും വിവിധ ഇടവകകളിലെ വികാരിമാരും അത്മായരും അടങ്ങിയ 30 അംഗ ജനറല്‍ കമ്മിറ്റിയുമാണു ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

ഫിനാന്‍സ് & സുവനീര്‍ കമ്മിറ്റിയുടെ ചുമതലയില്‍ കോണ്‍ഫറന്‍സ് സുവനീറിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. മാര്‍ത്തോമാ സഭാംഗങ്ങളുടെ ഈ കൂടിവരവ് അര്‍ഥപൂര്‍ണമായ ക്ളാസുകളിലൂടെയും, ചര്‍ച്ചകളിലൂടെയും സഭയുടെ ദൌത്യാവിഷ്കാരത്തിനും, പൊതുസമൂഹത്തിന്റെ നന്മയ്ക്കും കാരണമാകും എന്നതില്‍ സംശയമില്ല. റവ. ഷിബു മാത്യു അച്ചന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം