ഡി.കെ. രവിയുടെ മരണം: സിബിഐ തെളിവെടുപ്പ് നടത്തി
Thursday, April 30, 2015 8:58 AM IST
ബംഗളൂരു: യുവ ഐഎഎസ് ഓഫീസര്‍ ഡി.കെ. രവിയുടെ ദുരൂഹമരണം സംബന്ധിച്ച് സിബിഐ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. രവിയുടെ കോറമംഗലയിലെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. രവിയുടെ ഭാര്യാപിതാവും കോണ്‍ഗ്രസ് നേതാവുമായ ഹനുമന്തരായപ്പയെ ചോദ്യംചെയ്ത സിബിഐ സംഘം അദ്ദേഹത്തിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.

അന്വേഷണം ഏറ്റെടുത്തതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിധാന്‍ സൌധയിലെത്തി ചീഫ് സെക്രട്ടറി കൌശിക് മുഖര്‍ജി, അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.കെ. പട്നായിക് എന്നിവരെ കണ്ട് കേസ് സംബന്ധിച്ച് രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ബംഗളൂരു സിബിഐ യൂണിറ്റിലെ പോലീസ് സൂപ്രണ്ട് സുബ്രഹ്മണ്യേശ്വര റാവുവും ഇവര്‍ക്കൊപ്പമെത്തിയിരുന്നു. അന്വേഷണത്തിന് കൂടുതല്‍ സൌകര്യങ്ങള്‍ സിബിഐ ആവശ്യപ്പെട്ടുവെന്നും അതു നല്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്കിയതായും എസ്.കെ. പട്നായിക് അറിയിച്ചു. നേരത്തെ സിബിഐ ഉദ്യോഗസ്ഥര്‍ കാള്‍ട്ടണ്‍ ഹൌസിലെ സിഐഡി ഓഫീസിലെത്തി കേസ് സംബന്ധിച്ച രേഖകള്‍ വാങ്ങിയിരുന്നു. മണല്‍ മാഫിയക്കെതിരേ ശക്തമായി നടപടിയെടുത്ത ഡി.കെ. രവിയുടെ മരണത്തില്‍ ദുരൂഹതയുണ്െടന്ന് ആരോപിച്ച് ബഹുജന പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.