ബിബിഎംപി കൌണ്‍സില്‍ അസാധുവാക്കി സര്‍ക്കാരിന്റെ പുതിയ നീക്കം; ഇനി അഡ്മിനിസ്ട്രേറ്റര്‍ ഭരണം
Friday, April 24, 2015 6:45 AM IST
ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗരപാലികെയുടെ (ബിബിഎംപി)പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ടി.എം. വിജയ് ഭാസ്കറെ നിയമിച്ചു.

ബിജെപി ഭരിക്കുന്ന ബിബിഎംപി കൌണ്‍സില്‍ കാലാവധി അവസാനിക്കാന്‍ ആറു ദിവസം കൂടി ശേഷിക്കേയാണ് കൌണ്‍സിലിനെ അസാധുവാക്കി അഡ്മിനിസ്ട്രേറ്ററെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ബിബിഎംപി കമ്മീഷണറായി മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ കുമാര്‍ നായിക്കിനെ നിയമിച്ചു.

മുന്‍ കമ്മീഷണറായിരുന്ന എം. ലക്ഷ്മിനാരായണയെ മാറ്റിയാണ് കുമാര്‍ നായിക്കിനു ചുമതല നല്കിയത്. നിലവില്‍ കെപിടിസിഎല്‍ എംഡിയാണ് കുമാര്‍ നായിക്. ബിബിഎംപിയുടെ 198 അംഗ ബിബിഎംപി കൌണ്‍സിലിന്റെ കാലാവധി ഏപ്രില്‍ 22 നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. ബിബിഎംപിയെ മൂന്നായി വിഭജിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. മേയ് 30നു നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. 2010 മുതല്‍ 2015 വരെയുള്ള കൌണ്‍സിലിന്റെ കാലയളവിലെ സാമ്പത്തിക, ഭരണ ക്രമക്കേടുകള്‍ തുറന്നുകാട്ടിയുള്ള രാജേന്ദ്ര കറ്റാരിയ കമ്മിറ്റി റിപ്പോര്‍ട്ട് ബിബിഎംപി കൌണ്‍സിലിനെ അസാധുവാക്കാനുള്ള ആയുധമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.

അതേസമയം, ബിബിഎംപി മൂന്നായി വിഭജിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നാളെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും. ബിബിഎംപി തെരഞ്ഞെടുപ്പ് മേയ് 30നകം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചത്.

സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപിയും ജെഡി-എസും അറിയിച്ചു. ബിബിഎംപി വിഭജിക്കാനുള്ള തീരുമാനത്തിനെതിരേ ബിജെപിയുടെയും ജനതാദളിന്റെയും നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിഭജന തീരുമാനം പിന്‍വലിക്കണമെന്നും ബിബിഎംപി തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തുതന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ബംഗളൂരുവില്‍ ധര്‍ണ നടത്തി. ബിബിഎംപി വിഭജനം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ വാജുഭായ് വാല തിരിച്ചയച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയ സാഹചര്യത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. സുഗമമായ ഭരണത്തിനും വികസനത്തിനും വേണ്ടിയാണ് ബിബിഎംപി വിഭജിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

അതേസമയം, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരം നടപടിയിലേക്കു നീങ്ങുന്നതെന്നു ബിജെപി ആരോപിച്ചു. ഭരണം കാര്യക്ഷമമാക്കാന്‍ ബിബിഎംപിയെ വിഭജിക്കുമെന്നു കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതു നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

എന്നാല്‍ മേയ് 30നു തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുകയാണ്.