വിശ്വാസത്തെ പ്രതി മരണം വരിക്കുന്ന മധ്യപൂര്‍വദേശത്തെ ക്രൈസ്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക: ബോസ്കോ പുത്തൂര്‍
Monday, April 6, 2015 8:05 AM IST
മെല്‍ബണ്‍: തലകൊയ്യാന്‍ ഉയര്‍ന്നു പൊങ്ങുന്ന വാളുകള്‍ക്കു മുന്നിലും തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടു രക്തസാക്ഷിത്വം വഹിക്കുന്ന മധ്യപൂര്‍വദേശത്തെ ക്രിസ്താനികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു.

ക്രിസ്താനികള്‍ ആയതിന്റെ പേരില്‍ അനുദിനം അരുംകൊല ചെയ്യപ്പെടുന്ന ആയിരങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും അവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും മാര്‍ ബോസ്കോ പുത്തൂര്‍ ഈസ്റര്‍ദിന സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഡാന്‍ഡിനോംഗ് സെന്റ് ജോണ്‍സ് കോളജില്‍ അര്‍പ്പിച്ച മെല്‍ബണ്‍ സൌത്ത്-ഈസ്റ് ഇടവകയുടെയും റിസര്‍വോര്‍ സെന്റ് സ്റീഫന്‍സ് ദേവാലയത്തില്‍ അര്‍പ്പിച്ച കത്തീഡ്രല്‍ ഇടവകയുടെയും ഈസ്റര്‍ ദിന ദിവ്യബലികളില്‍ മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ടു വചനസന്ദേശം നല്‍കുകയായിരുന്നു മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍.

റോക്സ്ബര്‍ഗ് പാര്‍ക്കിലെ ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ നടന്ന സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ക്കു സീറോ മലബാര്‍ രൂപത വികാരി ജനാറാളും ഇടവക വികാരിയുമായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. സഹകാര്‍മികാനായിരുന്ന ഫാ. മാത്യു മുണ്ടക്കല്‍ വചനസന്ദേശം നല്‍കി. റിന്യുവല്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഈശോയുടെ കല്ലറയും ഉയിര്‍പ്പും ആധുനിക ശബ്ദ-വെളിച്ച സംവിധാനങ്ങളുടെ സഹായത്തോടെ പുനരവതരിപ്പിച്ചു. തുടര്‍ന്നു ഉത്ഥിതനായ ഈശോയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടു കത്തുന്ന മെഴുകുതിരികളും കൈകളിലേന്തി ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തില്‍ ഇടവക ജനങ്ങളെല്ലാവരും പങ്കുചേര്‍ന്നു. തിരുക്കര്‍മങ്ങള്‍ക്കുശേഷം ഈസ്റര്‍ എഗും വിതരണം ചെയ്തു. കത്തീഡ്രല്‍ ഇടവകയുടെ ആര്‍ഡീര്‍ സെന്ററില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ നേതൃത്വം നല്‍കി.

കത്തീഡ്രല്‍ ഇടവകയുടെ പെസഹാവ്യാഴത്തിലെ കാലുകഴുകല്‍ ശുശ്രൂഷയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവകയിലെ കുടുംബയൂണിറ്റ് ഭാരവാഹികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകള്‍ കഴുകിക്കൊണ്ട്, യേശുനാഥന്‍ നല്‍കിയ സ്വയം ചെറുതാകലിന്റെ മാതൃക അനുസ്മരിച്ചു. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം, പൌരോഹിത്യത്തിന്റെ സ്ഥാപനം, കാലുകഴുകല്‍ ശുശ്രൂഷയിലൂടെ മറ്റുള്ളവര്‍ക്കു സേവനം ചെയ്യുന്ന മനോഭാവം എന്നീ മൂന്നു കാര്യങ്ങളാണു പെസഹാവ്യാഴാഴ്ചയിലെ തിരുക്കര്‍മങ്ങളിലൂടെ നാം അനുസ്മരിക്കുന്നതെന്നു മാര്‍ ബോസ്കോ പുത്തൂര്‍ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ഈജിപ്തിലെ അടിമത്വത്തില്‍നിന്ന് വിമോചനത്തിന്റെ നാട്ടിലേക്കു ദൈവം നയിച്ചതു പോലെ ഈ ലോകത്തില്‍നിന്നു സ്വര്‍ഗരാജ്യത്തിലേക്കു യാത്ര ചെയ്യേണ്ടവരാണെന്നും ആരും ഇവിടെ സ്ഥിരതാമസക്കാരല്ല എന്നും ഓര്‍മിപ്പിച്ചു. ആരാധനയ്ക്കുശേഷം ഇടവകയിലെ വിവിധ ഭവനങ്ങളില്‍നിന്നു പാകം ചെയ്തു കൊണ്ടുവന്ന അപ്പവും പാലും മാര്‍ ബോസ്കോ പുത്തൂര്‍ ആശീര്‍വദിച്ച് എല്ലാവര്‍ക്കുമായി വിതരണം ചെയ്തു.

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെയും സെന്റ് തോമസ് സൌത്ത്-ഈസ്റ് ഇടവകയുടെയും നേതൃത്വത്തില്‍ ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട്, ദുഃഖവെള്ളിയാഴ്ചയിലെ ഹൃദയസ്പര്‍ശിയായ തിരുക്കര്‍മങ്ങള്‍, മെല്‍ബണില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബക്കസ് മാര്‍ഷ് മലമുകളിലെ മരിയന്‍ സെന്റര്‍ ചാപ്പലില്‍ നടന്നു. സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരക്കല്‍, സൌത്ത്-ഈസ്റ് ഇടവക വികാരി ഫാ. ഏബ്രാഹാം കുന്നത്തോളി, ഫാ. മാത്യു മുണ്ടക്കല്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. പീഡാനുഭവ വായനക്കുശേഷം ഫാ. മാത്യു മുണ്ടക്കല്‍ വചനസന്ദേശം നല്‍കി. തിരുക്കര്‍മങ്ങള്‍ക്കുശേഷം മലയടിവാരത്തില്‍നിന്നു ചാപ്പലിലേക്ക് കുരിശിന്റെ വഴി നടത്തി. പതിന്നാലു സ്ഥലങ്ങള്‍ക്കുശേഷം മല മുകളില്‍ വിശ്വാസികള്‍ ക്രൂശിതരൂപം ചുംബിക്കുകയും കയ്പുനീര്‍ കുടിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന കഞ്ഞി നേര്‍ച്ചയില്‍ ഏകദേശം ആറായിരത്തോളം പേര്‍ പങ്കെടുത്തു.മെല്‍ബണിലെയും പരിസര പ്രദേശങ്ങളിലെയും സീറോ മലബാര്‍ മക്കളുടെ ഏറ്റവും വലിയ ഒത്തു ചേരലിന്റെ ദിവസമാണു ദുഃഖവെള്ളിയാഴ്ച ബക്കസ് മാര്‍ഷിലേത്. തദ്ദേശീയരെപ്പോലും അദ്ഭുതപ്പെടുത്തികൊണ്ടുള്ള വന്‍ ജനാവലിയാണ് ഇത്തവണത്തെ ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്നത്.

ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികം പിന്നിട്ട ഈ അവസരത്തില്‍ വളരെ അടുക്കും ചിട്ടയുമായി ക്രമപ്പെടുത്തിയ വിശുദ്ധ വാര തിരുക്കര്‍മങ്ങള്‍ പ്രശംസ പിടിച്ചു പറ്റി.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍