കൊച്ചിയിലേക്കുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്നു മെല്‍ബണ്‍ മലയാളികള്‍
Tuesday, March 31, 2015 6:22 AM IST
മെല്‍ബണ്‍: കൊച്ചിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദ് ചെയ്ത മലേഷ്യന്‍ എയര്‍ലൈന്‍സ് നടപടി പുനഃസ്ഥപിക്കണമെന്നു മെല്‍ബണില്‍ ഒത്തുകൂടിയ മലയാളി കൂട്ടായ്മ ആവശ്യപ്പെട്ടു.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പിന്മാറ്റംമൂലം കേരളത്തിലേക്കു മറ്റു സര്‍വീസുകള്‍ നടത്തുന്ന വിമാന കമ്പനികള്‍ക്കു കുത്തനെ നിരക്ക് ഉയര്‍ത്തി മലയാളി പ്രവാസികളെ ചൂഷണം ചെയ്യുവാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്ന കണ്െടത്തലിന്റെ അടിസ്ഥാനത്തിലാണിത്. മാത്രമല്ല, മുഴുവന്‍ സര്‍വീസും നിര്‍ത്തുന്നതിലൂടെ അടിയന്തര ഘട്ടങ്ങളില്‍ കേരളത്തിലേക്ക് പോകാനുള്ള മലയാളിയുടെ യാത്രാ സംവിധാനവും നഷ്ടമാകും. അതിനാല്‍ ആഴ്ചയില്‍ രണ്േടാ മൂന്നോ സര്‍വീസ് എങ്കിലും നടത്താന്‍ മലഷ്യന്‍ എയര്‍ലൈന്‍സ് അധികാരികളോട് അഭ്യര്‍ഥിക്കുവാനും പ്രസ്തുത ആവശ്യം നേടിയെടുക്കാന്‍ കേന്ദ്ര സംസ്ഥാന ഭരണാധികാരികള്‍ ഇടപെടണമെന്ന് ആവശ്യപ്പെടാനും മലയാളി കൂട്ടായ്മ തീരുമാനിച്ചു.

2013 ല്‍ മലഷ്യന്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്നതിനു മുമ്പുവരെ ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ 2000 ഡോളറിനു മേല്‍ ടിക്കറ്റു ചാര്‍ജ് നല്‍കി മലയാളികള്‍ക്കു യാത്ര ചെയ്യേണ്ടി വന്നിരുന്നു, എന്നാല്‍ ആഴ്ചയില്‍ ഏഴ് ദിവസം കൊച്ചിയിലേക്ക് മലേഷ്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചതോടെ 900 ഡോളാറിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ താഴ്ന്നു. ഇതു സാധാരണ മലയാളികള്‍ക്ക് വലിയ ആശ്വാസമായി മാറി. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കെടുത്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തിരുവല്ലം ഭാസിയാണു മുഖ്യ വിഷയം അവതരിപ്പിച്ചത്.

മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ സെക്രട്ടറി സജി മുണ്ടക്കന്‍, ഒഐസിസി പ്രസിഡന്റ് ജോസഫ് പീറ്റര്‍, കേരള പ്രീമിയര്‍ ലീഗ് പ്രസിഡന്റ് ഇന്നസന്റ് ജോര്‍ജ്, മൈത്രി സെക്രട്ടറി ജൂഡ് ഏബ്രഹാം, മൈത്രി വൈസ് പ്രസിഡന്റ് മദനന്‍ ചെല്ലപ്പന്‍, മൈത്രി ജോയിന്റ് സെക്രട്ടറി ബെന്നി, മൈത്രി ട്രഷറര്‍ ജെറി ജോണ്‍, പോള്‍ വര്‍ഗീസ് എന്നിവര്‍ക്ക് പുറമേ മാതാ അമൃതാനന്ദമയി മഠം പ്രതിനിധി ഉദയന്‍ വേലായുധന്‍, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ മുന്‍ പ്രസിഡന്റുമാരായ ജി.കെ മാത്യൂസ്, വര്‍ഗീസ് പൈനാടത്ത്, ക്നാനായ കമ്യൂണിറ്റിക്കുവേണ്ടി സോബന്‍ തോമസ്, ഒഐസിസി ദേശീയ പ്രസിഡന്റ് ഹൈനസ് ബിനോയ്, ഓസ്ട്രേലിയ മലയാളി ഇസ്ലാമിക് അസോസിയേഷനു വേണ്ടി നാസര്‍ ഏബ്രഹാം, പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് സെബാസ്റ്യന്‍ ജേക്കബ്, എസ്.എന്‍. മിഷന്‍ സെക്രട്ടറി അരുണ്‍, ബാല്ലാരറ്റ് മലയാളീകൂട്ടായ്മ പ്രതിനിധി ലോകന്‍ രവി എന്നിവര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ പങ്കുവച്ചു. ട്രാവല്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതീഷ് മാര്‍ട്ടിന്‍, പ്രിന്‍സ്, പോള്‍ ഉലഹന്നാന്‍ എന്നിവര്‍ യാത്ര നിരക്കില്‍ വരാന്‍ പോകുന്ന വന്‍ വര്‍ധനവിനെ സംബധിച്ചു വിശദമായ വിവരണം നല്‍കി. ഡോ. ബാബു ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇപ്പോള്‍ നാട്ടിലുള്ള ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ പ്രസിഡന്റ് റെജി പാറക്കനും മോന്‍സ് ജോസഫ് എംഎല്‍എയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കും.