ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിനു പുതിയ സാരഥികള്‍
Saturday, March 14, 2015 2:37 AM IST
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കയിലെ മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഐഎഎംസിസി) 2015-2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റു. മാര്‍ച്ച് ഏഴിനു ന്യൂജേഴ്സിയിലെ ലിന്‍ഡനിലുള്ള പ്ളാനെറ്റ് ഓഫ് വൈന്‍ സെന്റെറില്‍ നടന്ന 'ചേഞ്ചിങ്ങ് ഓഫ് ദി ഗാര്‍ഡ്' ചടങ്ങിലാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തത്.

ഐഎഎംസിസി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റോയ് എണ്ണശേരില്‍ പുതിയ പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക് ഔദ്യോഗിക രേഖകള്‍ കൈമാറി.

കഴിഞ്ഞ കാലയളവില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷവും അഭിമാനവും ഉണ്െടന്ന് റോയ് എണ്ണശേരില്‍ പറഞ്ഞു. പുതിയ പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.

ഐഎഎംസിസിയുടെ പ്രസിഡന്റായി തന്നെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്ത ഏവര്‍ക്കും മാധവന്‍ ബി നായര്‍ നന്ദി രേഖപ്പെടുത്തി. അമേരിക്കയിലെ മലയാളി ബിസിനസ്് സമൂഹത്തിന്റെ മുഴങ്ങുന്ന ശബ്ദമായി ഐഎഎംസിസി പ്രവര്‍ത്തിക്കുമെന്നും അമേരിക്കയിലും ഇന്ത്യയിലുമുള്ള പുതിയ ബിസിനസ്സ് നിക്ഷേപ സാധ്യതകളെന്തെന്ന് മനസിലാക്കി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുതകുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി വിന്‍സന്റ് സിറിയക്ക് , ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍ എന്നിവരും ഔദ്യോഗികമായി ചുമതലയേറ്റു.

ന്യൂജേഴ്സി ആസ്ഥാനമാക്കിയുള്ള എംബിഎന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മേധാവിയാണ് മാധവന്‍ ബി നായര്‍. പേഴ്സണല്‍ ഫൈനാന്‍ഷ്യല്‍ എന്‍ജീനീറിംഗ് തത്വങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ധനവും ആസ്തിയും വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപകരേയും സാധാരണക്കാരേയും പ്രാപ്തരാക്കുന്നതിലുള്ള മാധവന്‍ നായരുടെ പ്രാഗത്ഭ്യമാണ് എംബിഎന്‍ ഫൈനാന്‍ഷ്യല്‍ കമ്പനിയുടെ വിജയരഹസ്യം. ബിസിനസ് രംഗത്തു മാത്രമല്ല, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മാധവന്‍ ബി നായര്‍. പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപക നേതാവാണ് അദ്ധേഹം. ന്യൂജേഴ്സിയിലെ വുഡ്ബ്രിഡ്ജ് പേര്‍ത്ത് അംബോയ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ളബ്ബിന്റെ പ്രഥമ ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്നു മാധവന്‍ ബി നായര്‍.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിലൂടെ വിജയം നേടിയ വ്യക്തിയാണ് വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി. സെക്രട്ടറി വിന്‍സന്റ് സിറിയക്ക് പ്രമുഖ മോട്ട്ഗേജ് കണ്‍സള്‍ട്ടന്റ് ആണ്. ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം പ്രമുഖ റിയല്‍റ്ററാണ്. ട്രഷറര്‍ കോശി ഉമ്മന്‍ മൊട്ട്ഗേജ് ബിസിനസ് മേഖലയില്‍ ശ്രദ്ധേയമായ വിജയം നേടിയ വ്യക്തിയാണ്. ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍ ന്യൂജേഴ്സിയിലെ പ്ളാനെറ്റ് ഓഫ് വൈന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

ഐഎഎംസിസിയുടെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് സെക്രട്ടറി വിന്‍സന്റ് സിറിയക്ക് വിശദീകരിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും അംഗങ്ങളുടെ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഐഎഎംസിസി ഇവന്‍റ്റ് കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ആയി പോള്‍ കറുകപ്പിള്ളില്‍, നെറ്റ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍മാനായി ജിന്‍സ്മോന്‍ പി. സക്കറിയ, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാനായി ജോസ് തെക്കേടം എന്നിവരെ പ്രസിഡന്റ് മാധവന്‍ ബി നായര്‍ തിരെഞ്ഞെടുത്തു.

ഏപ്രില്‍ 26ന് ന്യൂയോര്‍ക്കില്‍ ചേംബര്‍ കുടുംബ സംഗമവും വിഷു- ഈസ്റര്‍ ആഘോഷവും സംഘടിപ്പിക്കുമെന്ന് പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. മെയ് മുതല്‍ എല്ലാ മാസവും ബിസിനസ് നെറ്റ്വര്‍ക്കിംഗ് നൈറ്റ് ഉണ്ടാകുമെന്ന് ജിന്‍സ്മോന്‍ സക്കറിയ പറഞ്ഞു.

ഐഎഎംസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 17 അംഗങ്ങളെ തെരഞ്ഞെടുത്തു. പോള്‍ കറുകപ്പിള്ളില്‍, ജിന്‍സ്മോന്‍ പി. സക്കറിയ, സഞ്ജീവ് കുമാര്‍, സുധ കര്‍ത്ത, റാം ചീരത്ത്, മാത്യുകുട്ടി ഈശോ, ഡോ. ജോസ് കാനാട്ട്, സജി തോമസ്, കിരണ്‍ മാത്യു, ജോസഫ് കുര്യപ്പുറം, ജോര്‍ജ് കൊട്ടാരം, വി. ഉഹന്നാന്‍, അജയ് ജേക്കബ്, മനോഹര്‍ തോമസ്, ജോയ് ഇട്ടന്‍, രാജു വി. സക്കറിയ, മത്തായി പി. ദാസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.

ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്റെ നേതൃത്വത്തില്‍ നടന്ന 'ചേഞ്ചിങ്ങ് ഓഫ് ദി ഗാര്‍ഡ്' ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: വിനീത നായര്‍