കേരളസമാജം നാടകം 'കടപ്പുര' ചെന്നൈയിലേക്ക്
Friday, February 27, 2015 8:26 AM IST
ബംഗളൂരു: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന നാടകമത്സരത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരു കേരളസമാജം അവതരിപ്പിക്കുന്ന നാടകം ചെന്നൈയിലേക്ക്. ഈ നാടകത്തിന്റെ അവസാന റിഹേഴ്സല്‍ ഇന്ദിരാനഗര്‍ കൈരളീനികേതന്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിനുമുന്നില്‍ നടന്നു. ഗിരീഷ് കളത്തില്‍ രചന നിര്‍വഹിച്ചിരിക്കുന്ന നാടകം രതീഷ് കാടകമാണു സംവിധാനം ചെയ്തിരിക്കുന്നത്. കേരള സമാജം അംഗങ്ങളായ നിതിന്‍, രഞ്ജിത്, വിനേഷ്, അജിത്, ഭാവന, അരുണ്‍ കൃഷ്ണന്‍, ശ്രീജിത്ത്, ഷൈലജ, ലിയ ശ്രീജിത്ത് എന്നിവരാണു നാടകത്തില്‍ വേഷമിടുന്നത്.

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമച്വര്‍ നാടക മത്സരം നാളെ ചെന്നൈയില്‍ ആരംഭിക്കും. ചെന്നൈ ആന്‍ഡേഴ്സന്‍ റോഡിലുള്ള ആശാന്‍ മെമ്മോറി യല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9:30 നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് മത്സരം ആരംഭിക്കുന്നത്. പതിനാറു നാടകങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു നാടകങ്ങളാണു വേദിയില്‍ മാറ്റുരയ്ക്കുന്നത്. ചെന്നൈ തിയേറ്റര്‍ ഫോര്‍ ക്ളാസിക് ഒരുക്കുന്ന 'നവമാധ്യമ യുഗം', ചെന്നൈ നവചൈതന്യ കലാ സാംസ്കാരിക സമിതി അവതരിപ്പിക്കുന്ന 'നേരിനുമുണ്ട് ഇനിയും ചിലതു പറയാന്‍', ചെന്നൈമിത്രം ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കുന്ന 'മരിക്കാന്‍ എനിക്കു മനസില്ല’', ചെന്നൈ നാടകവേദിയുടെ 'കജ്ജുമ്മ', ബംഗളൂരു കേരള സമാജം അവതരിപ്പിക്കുന്ന 'കടപ്പുര' എന്നീ നാടകങ്ങളാണു മത്സര ത്തില്‍ പങ്കെടുക്കുന്നത്. കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന പ്രവാസി അമച്വര്‍ നാടക മത്സരത്തില്‍ ബംഗളൂരുവില്‍നിന്നും ആദ്യമായാണ് ഒരു ടീം പങ്കെടുക്കുന്നതെന്നു സമാജം ജനറല്‍ സെക്രട്ടറി റജികുമാറും കലാസാംസ്കാ രികവിഭാഗം സെക്രട്ടറി സതീഷ് കുമാറും പറഞ്ഞു.