മെല്‍ബണ്‍ മലയാളികളുടെ അമരക്കാരന്‍ ഡോ. രാമന്‍ മാരാര്‍ നിര്യാതനായി
Monday, February 2, 2015 9:27 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ആദ്യകാല മലയാളിയും അധ്യാപകനും സാംസ്കാരിക സംഘടന പ്രവര്‍ത്തകനുമായിരുന്ന ഡോ. രാമന്‍ മാരാര്‍ (87) നിര്യാതനായി.

മോണാഷ് ആശുപത്രിയില്‍ ജനുവരി 31നു (ശനി) വൈകുന്നേരം 6.30 നായിരുന്നു അന്ത്യം. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരമോന്നത പദവിയായ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ (ഛഅങ) ലഭിച്ച ആദ്യ മലയാളി കൂടിയായിരുന്ന ഡോ. രാമന്‍ മാരാര്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ ശൈലിയുടെ ഉടമ കൂടിയായിരുന്നു.

മെല്‍ബണിലെ മലയാളി സദസുകളില്‍ എന്നും നിറസാന്നിധ്യമായിരുന്ന ഡോ. രാമന്‍ മാരാര്‍ മലയാളി ആസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) യുടെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെയും സ്ഥാപക പ്രസിഡന്റായി വളരെ കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മെല്‍ബണിലെ ആദ്യത്തെ ഹിന്ദുക്ഷേത്രമായ ശിവവിഷ്ണു ക്ഷേത്രത്തിന്റെ സ്ഥാപകനായിരുന്നു. വളരെകാലം ക്ഷേത്ര ഭാരവാഹിയായി പ്രവര്‍ത്തിച്ചു. 2008ല്‍ തുടക്കം കുറിച്ച 'ഇന്ത്യന്‍ മലയാളി' മാഗസിന്റെ ഉദ്ഘാടകനും കൂടിയാണ് രാമന്‍ മാരാര്‍.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഡോ. രാമന്‍ മാരാര്‍ അര നൂറ്റാണ്ടിനു മുമ്പായിരുന്നു ഓസ്ട്രേലിയയില്‍ കുടിയേറിയത്. പെര്‍ത്തില്‍ അധ്യാപകനായി സേവനം തുടങ്ങിയ രാമന്‍ മാരാര്‍ മെല്‍ബണിലെ സ്വിന്‍ബേണ്‍ യൂണിവേയ്സിറ്റിയില്‍നിന്നായിരുന്നു റിട്ടയര്‍ ചെയ്തത്.

ഭാര്യ: സതി മാരാര്‍. മക്കള്‍: സുനിത, സുധീഷ്.

റിപ്പോര്‍ട്ട്: അരുണ്‍ പാലക്കലോടി