അമേരിക്കയില്‍ 'സ്നോ എമര്‍ജന്‍സി' പ്രഖ്യാപിച്ചു; 5740 വിമാനസര്‍വീസുകള്‍ റദ്ദാക്കി
Tuesday, January 27, 2015 5:47 AM IST
ന്യൂയോര്‍ക്ക്: 35 ഇഞ്ചുവരെ മഞ്ഞുവീഴ്ച ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ 'സ്നോ എമര്‍ജന്‍സി' പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് ബോസ്റണ്‍, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ന്യൂയോര്‍ക്ക് സിറ്റിയിലെ 6,000 മൈല്‍ റോഡില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ ഒഴികെ ഒന്നും നിരത്തിലിറക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏകദേശം അമ്പത് മില്യന്‍ ജനങ്ങളാണ് സ്നോ സ്റോമിന്റെ പരിധിയില്‍ വരുന്നത്. ഈസ്റ് കോസ്റിലെ ഏകദേശം ആറായിരം വിമാന സര്‍വീസുകള്‍ തത്കാലം റദ്ദാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച തന്നെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സബ്വേയിലെ മുഴുവന്‍ വാഹനങ്ങളും നിശ്ചലമായി. 75 മൈല്‍ വേഗതയില്‍ ഹിമക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ന്യൂജേഴ്സി, മസാച്ചുസെറ്റ്സ്, കണക്ടിക്കട്ട്, ലോംഗ് ഐലന്റ് എന്നീ സംസ്ഥാനങ്ങളും സ്നോ എമര്‍ജസിയുടെ പരിധിയില്‍ വരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍