ബംഗളൂരുവില്‍ അറസ്റിലായി
Sunday, January 25, 2015 11:48 AM IST
ബംഗളൂരു: ആസാമില്‍നിന്നുള്ള ബോഡോ തീവ്രവാദിയെ ബംഗളൂരു പോലീസ് അറസ്റ് ചെയ്തു. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി)യുടെ സോംഗ്ബിജിത് വിഭാഗം നേതാവ് ബര്‍ളിംഗ് ഭുട്ടുര്‍ ആണ് പിടിയിലായത്. ആസാം പോലീസ് നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ബംഗളൂരുവിലെ അപ്പര്‍പെട്ടില്‍നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരം പോലീസ് ഇയാളെ പിടികൂടിയത്. വിവരമറിഞ്ഞ് ആസാം പോലീസ് ബംഗളൂരുവിലേക്കു പുറപ്പെട്ടിട്ടുണ്െടന്നും പ്രതിയെ അവര്‍ക്കു കൈമാറുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍.റെഡ്ഡി അറിയിച്ചു.

ബിര്‍ക്കാംഗ് ബാസുമാതാരി എന്ന പേരുകൂടിയുള്ള ബര്‍ളിംഗ് ഭുട്ടുര്‍ ആസാമില്‍ നടന്ന നിരവധി കൊലക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ മാസം 23ന് ആസാമിലെ ലംഗ്സംഗില്‍ എട്ട് ആദിവാസികളെ കൊലപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷം ജനുവരി 16ന് ആസാമിലെതന്നെ കൊക്രജാര്‍ ജില്ലയില്‍പ്പെട്ട സെര്‍ഫാംഗുരിയില്‍ ആറ് ഉത്തരേന്ത്യക്കാരെ കൊലപ്പെടുത്തിയതും ഇയാളുടെ നേതൃത്വത്തിലാണെന്ന് ആസാം പോലീസ് ഐജി എല്‍.ആര്‍.ബിഷ്ണോയ് അറിയിച്ചു. ബര്‍ളിംഗ് ഭുട്ടുറിന്റെ അറസ്റ് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക ബോഡോലാന്‍ഡ് രാജ്യം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സായുധ പോരാട്ടം നടത്തുന്ന സംഘടനയാണ് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്.