ഷിക്കാഗോ: മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) 2015-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കംകുറിച്ചുകൊണ്ടു ജനുവരി 17-ന് (ശനി) ലംബാര്‍ഡ് കോമണ്‍സില്‍ പുതുവത്സരാഘോഷങ്ങള്‍ നടത്തി.
മീനയുടെ മുതിര്‍ന്ന അംഗം കെ.എസ്. ആന്റണി ചൊല്ലിക്കൊടുത്ത സത്യവാങ്മൂലം ഏറ്റുചൊല്ലി മീനയുടെ 2015-16 വര്‍ഷക്കാലയളവിലെ പുതിയ സാരഥികള്‍ ചുമതല ഏറ്റെടുത്തു. വൈസ് പ്രസിഡന്റ് റ്റോണി ജോണ്‍ പരിപാടികളുടെ അവതാരകനായിരുന്നു.
സോഷ്യല്‍ അവറോടെ തുടങ്ങിയ യോഗത്തില്‍ പ്രാര്‍ഥനയ്ക്കുശേഷം പ്രിയ ജോസ് (2014 വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു. നാരായണന് നായര്‍ അധ്യക്ഷത വഹിച്ചു.
സ്തുത്യര്‍ഹമായ സേവനത്തിനുശേഷം അധ്യക്ഷ സ്ഥാനത്തുനിന്നു വിരമിക്കുന്ന നാരായണന് നായര്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ മീനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തന്റെ കാലയളവില്‍ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്തു. അമേരിക്കയില്‍ പ്രത്യേകിച്ച്, ഷിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന മലയാളി എന്‍ജിനിയേഴ്സിന്റെ ആത്മാര്‍ഥമായ സഹകരണവും കൈത്താങ്ങും ആണു മീനയുടെ മുതല്‍ക്കൂട്ട്.
സെക്രട്ടറി ഏബ്രഹാം ജോസഫും ട്രഷറര്‍ ബോബി ജേക്കബും ചേര്‍ന്ന് രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍ പ്രസിഡന്റ് സ്റെബി തോട്ടം മീനയുടെ 2015-16 വര്‍ഷത്തെ ഭാരവാഹികളെ സ്വാഗതം ചെയ്യുകയും സദസിനു പരിചയപ്പെടുത്തുകയും ചെയ്തു. അധികാരമേറ്റെടുക്കുന്ന പുതിയ പ്രസിഡന്റ് ഏബ്രഹാം ജോസഫ് (ആബുജി) തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൌത്യം വിശ്വസ്തതയോടും ഏറ്റവും ഉത്തമമായ കാര്യക്ഷമതയോടുംകൂടി നിര്‍വഹിക്കാന്‍ ഓരോ അംഗത്തിന്റേയും ആത്മാര്‍ഥ സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ചു. പബ്ളിക് റിലേഷന്‍സ് ഭാരവാഹിത്വം ഏറ്റെടുത്ത സാബു തോമസ് റ്റോസ്റ് ചെയ്യുകയും പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു.
തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ സിനില്‍ ഫിലിപ്പ്, ചിന്നു തോട്ടം, സിയോണ തരകന്, അനു നായര്‍, ജയിംസ് മണിമല, വൈശാലി നായര്‍, സൂരജ് ജോസഫ്, സാബു തോമസ് എന്നിവര്‍ അവതരിപ്പിച്ച ദൃശ്യ-സംഗീത വിരുന്ന് ആഘോഷത്തിനു കൊഴുപ്പേകി.
പുതുവത്സര വരവേല്‍പ്പ് ആതിഥേയര്‍ക്ക് സൌജന്യമായി പങ്കെടുക്കുവാന്‍ തക്കവണ്ണം ക്രമീകരിച്ചു എന്നുള്ളത് ആഘോഷത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. കേരളത്തനിമയില്‍ ഓരോരുത്തരും പാകംചെയ്തുകൊണ്ടുവന്ന ഭക്ഷണം ആസ്വാദ്യകരവും രുചികരവുമായ ഒരു സായാഹ്നം ഏവരും നന്നായി ആസ്വദിച്ചു.
നാരായണന് നായര്‍, പ്രിയ ജോസ്, ബോബി ജേക്കബ്, നൈനാന് ജേക്കബ്, സ്റെബി തോട്ടം, ജോസപ് പതിയില്‍, ലൂക്ക് തച്ചേട്ട്, അജിത് ചന്ദ്രന്, ജയിംസ് മണിമല, റെജി തരകന്, വിനോദ് നീലകണ്ഠന്, നിതീഷ് തരകന്, ജേക്കബ് ജോര്‍ജ് (ജയന്), ഏബ്രഹാം ജോസഫ് (രാജു) എന്നിവര്‍ അടങ്ങിയ ബോര്‍ഡും കോശി വൈദ്യന് (മെന്റര്‍), സാബു തോമസ് (പിആര്‍ഒ), ജോസ് തോമസ് (ട്രഷറര്‍), റ്റോണി ജോണ്‍ (വൈസ് പ്രസിഡന്റ്), ഫിലിപ്പ് മാത്യു (സെക്രട്ടറി), ഏബ്രഹാം ജോസഫ് (ആബുജി) പ്രസിഡന്റ് എന്നിവര്‍ അടങ്ങിയ എക്സിക്യൂട്ടീവ് ബോഡിയും ആയിരിക്കും മീനയുടെ ഭാരവാഹികള്‍.
സാബു തോമസ് (പബ്ളിസിറ്റി കണ്‍വീനര്‍) അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം