ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പുതിയ പാരീഷ് കൌണ്‍സില്‍ സ്ഥാനമേറ്റു
Thursday, January 22, 2015 4:11 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ 2015- 16 നടപ്പുവര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൌണ്‍സില്‍ 2015 ജനുവരി ഒന്നിന് ഔദ്യോഗികമായി നിലവില്‍ വന്നു. ജനുവരി 11-ന് എട്ടുമണിയുടെ വിശുദ്ധ കുര്‍ബാന മധ്യേ പുതിയ ട്രസ്റി (കൈക്കാരന്മാര്‍)മാരും മറ്റ് പാരീഷ് കൌണ്‍സില്‍ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ആന്റണി ഫ്രാന്‍സീസ്, മനീഷ് ജോസഫ്, ഷാബു മാത്യു, പോള്‍ പുളിക്കന്‍ എന്നിവരാണ് പുതിയ ട്രസ്റിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. തുടര്‍ന്ന് 33 അംഗങ്ങളടങ്ങിയ പാരീഷ് കൌണ്‍സിലിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ തിങ്ങിനിറഞ്ഞുനിന്ന വിശ്വാസികളെ സാക്ഷിനിര്‍ത്തിയും, ബഹു. സഹ വികാരി ഫാ. റോയി മൂലേച്ചാലിലിന്റെ മഹനീയ സാന്നിധ്യത്തിലും ആയിരുന്നു വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

തദവസരത്തില്‍ രണ്ടുവര്‍ഷക്കാലമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച കഴിഞ്ഞ പാരീഷ് കൌണ്‍സിലിലെ എല്ലാ അംഗങ്ങളേയും പ്രത്യേകിച്ച് ട്രസ്റിമാരായിരുന്ന ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട് എന്നിവരേയും കൌണ്‍സില്‍ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഐഷാ ലോറന്‍സിനേയും അഗസ്റിനച്ചന്‍ വലിയ ആദരവോടെയും നന്ദിയോടെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിച്ചു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം