പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരളാ ഗവണ്‍മെന്റ് അംഗീകരിച്ചു
Wednesday, January 21, 2015 6:11 AM IST
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സിലിനെ (ഡബ്ള്യുഎംസി) പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരള ഗവണ്‍മെന്റ് അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ന്യൂജേഴ്സി പ്രൊവിന്‍സിന്റെ രജിസ്ട്രേഡ് ഏജന്റ് ഡോ. ജോര്‍ജ് ജയ്ക്കബിനു ലഭിച്ചു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ന്യൂ ജേഴ്സിയില്‍ സ്ഥാപിതമായ സംഘടന ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു.

പ്രവാസികളുടെ ആവശ്യങ്ങള്‍ യഥേഷ്ടം സാധിച്ചെടുക്കുന്നതിനായി വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഗ്ളോബല്‍ ഓഫീസ് തിരുവനന്തപുരത്തും റെഗുലറായി പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് എറണാകുളത്തും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മൂന്നാമത്തെ ഓഫീസ് തൃശൂരില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പ്രവാസികളുടെ എന്ത് ആവശ്യങ്ങള്‍ക്കും ഈ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരത്തെ ഓഫീസില്‍ ധാരാളം പ്രവാസികള്‍ എത്തി കാര്യങ്ങള്‍ സാധിച്ചു വരുന്നു.

ജനുവരി 16ന് (വെള്ളി) കൊച്ചിന്‍ പ്രൊവിന്‍സിന്റെ ഉദ്ഘാടനം പ്രവാസി ക്ഷേമ മന്ത്രി (നോര്‍ക്ക) കെ.സി. ജോസഫ് നിര്‍വഹിച്ചു. ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.വി. തോമസ് എംപി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍. രാധാകൃഷ്ണന്‍, കൊച്ചിന്‍ മേയര്‍ ടോണി ചമ്മിണി, നോര്‍ക്ക സിഇഒ പി. സുദീപ്, ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ ഐസക്ക് ജോണ്‍ പട്ടാണിപറമ്പില്‍ (ദുബായ്), ഡബ്ള്യുഎംസി ഗ്ളോബല്‍ പ്രസിഡന്റ് ജോണി കുരുവിള (അബുദാബി), ഡബ്ള്യുഎംസി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ജോസഫ് കില്ല്യാന്‍ (ജര്‍മനി), ഡബ്ള്യുഎംസി ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ജോസഫ് കൈനിക്കര (ജര്‍മനി) എന്നിവരും ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള മറ്റ് പ്രമുഖ വ്യക്തികളും യോഗത്തില്‍ സംബന്ധിച്ചു.

പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ബില്‍ കേരള ഗവണ്‍മെന്റ് നിയമത്തില്‍ കൊണ്ടുവരുന്നതിനും വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുംവേണ്ടി ഒരു ഹൈക്കോര്‍ട്ട് റിട്ട. ജഡ്ജി, ഒരു ഐഎഎസ് ഓഫീസര്‍, ഒരു ഐപിഎസ് ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു ഹൈപ്പവര്‍ കമ്മീഷനെ നിയമിക്കുമെന്ന് കൊച്ചിന്‍ പ്രൊവിന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

ന്യൂജേഴ്സിയില്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന പ്രൊവിന്‍സിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനും മെംബര്‍ഷിപ്പ് പുതുക്കുന്നതിനുമായി ഒരു ജനറല്‍ബോഡി യോഗം വിളിക്കുവാന്‍ പ്രൊവിന്‍സിന്റെ ചെയര്‍മാന്‍ മാധവന്‍ നായര്‍ അറിയിച്ചു.

ഏപ്രില്‍ 16, 17, 18, തീയതികളില്‍ യുഎഇയില്‍ നടത്തുന്ന ഗ്ളോബല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനെപ്പറ്റിയും ന്യൂജേഴ്സിയില്‍ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച നടത്തും.

വിശദ വിവരങ്ങള്‍ക്ക്: ഡോ. ജോര്‍ജ് ജയ്ക്കബ്: 2014476609., മാധവന്‍ നായര്‍ 7327187355. അനൂപ് തോമസ് 2014836997, ഫിലിപ്പ് മാരേട്ട്: 9737154205.