മലയാളി വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രലിയയില്‍ ഉന്നത വിജയം
Sunday, January 11, 2015 7:07 AM IST
കാന്‍ബറ: ഓസ്ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിറ്റൊറി (എസിടി) യില്‍ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിജയം. സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് ഉള്‍പ്പെടെ പരീക്ഷ എഴുതിയ മൂന്നു കുടിയേറ്റ വിദ്യാര്‍ഥികള്‍ നേടിയ ഉന്നത വിജയം ഏറെ ശ്രദ്ധേയമാവുന്നു.

എടിഎആര്‍ സ്കോര്‍ പ്രകാരം 99.9 ശതമാനം മാര്‍ക്ക് ലഭിച്ച പ്രിന്‍സ് സെബാസ്റ്യന്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് നേടി മലയാളികള്‍ക്കു അഭിമാനമായി. പ്രദീപ്- സെലിന്‍ ദമ്പതികളുടെ മകനായ പ്രിന്‍സ് കാന്‍ബറ നറബുന്ദ കോളജ് വിദ്യാര്‍ഥി ആണ്.

95.6 ശതമാനം മാര്‍ക്ക് നേടി പിയേര്‍സ് മാരിസ്റ് കോളജ് വിദ്യാര്‍ഥി ഫ്രാങ്ക്ലിന്‍ വില്‍സണ്‍ ശ്രദ്ധേയ വിജയം നേടി. ഐടി പ്രോഗ്രാമിംഗിലെ മികച്ച വിദ്യാര്‍ഥിക്കുള്ള സ്റീവന്‍ കെന്നഡി അവാര്‍ഡും ഫ്രാങ്ക്ലിന് ലഭിച്ചു. വില്‍സണ്‍-പ്രിന്‍സി ദമ്പതികളുടെ മകനാണ്.

93.5 ശതമാനം സ്കോര്‍ നേടിയ എഡ്വിന്‍ തോമസ് മലയാളികള്‍ക്കിടയില്‍ മൂന്നാം സ്ഥാനം നേടി. ബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന സ്കോറും എഡ്വിന്‍ നേടി. തോമസ്-സിജി ദമ്പതികളുടെ മകനാണ്.

പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കാന്‍ബറ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തോലിക്ക സമൂഹവും ചെറുപുഷ്പ മിഷന്‍ ലീഗ് കാന്‍ബറ യൂണിറ്റും വിശ്വാസ പരിശീലന കേന്ദ്രവും സ്വീകരണം നല്‍കി. അനുമോദന പരിപാടികള്‍ക്ക് വികാരി ഫാ. വര്‍ഗീസ് വാവോലില്‍, വിശ്വാസ പരിശീലന കേന്ദ്രം ഹെഡ്മാസ്റര്‍ മാര്‍ട്ടിന്‍ തിരുന്നിലം, മിഷന്‍ ലീഗ് ജോ. ഡയറക്ടര്‍ ഷൈജു ആലുങ്കല്‍ എന്നിവര്‍ നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍