ഫോമ ഷിക്കാഗോ റീജിയണ്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു
Wednesday, January 7, 2015 10:11 AM IST
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയണിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍, ഡെസ് പ്ളേയിന്‍സിലെ മേരിവില്‍ അക്കാഡമിയില്‍ താമസിക്കുകയും പഠിക്കുകയും ചെയ്യുന്ന അനാഥരായ ചെറുപ്പക്കാരെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ട വസ്ത്രങ്ങളും ഭക്ഷണവും സമ്മാനിക്കുകയും ചെയ്തു.

പ്രസ്ഥാനത്തിന്റെ കോ ഓര്‍ഡിനേറ്റര്‍, മേരി ക്രീഗര്‍ ഫോമ ഷിക്കാഗോ റീജിയണിന്റെ ഭാരവാഹികളെ അഭിനന്ദിക്കുകയും അതോടൊപ്പം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവര്‍ ആഘോഷങ്ങളില്‍ മുങ്ങിയിരിക്കുമ്പോള്‍, സാമൂഹ്യ സേവനം ചെയ്തു മറ്റുള്ളവര്‍ക്ക് മാതൃകയാകുയാണ് ഫോമ പ്രവര്‍ത്തകര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഫോമ, നാട്ടില്‍ വീട് വച്ച് നല്‍കിയും വിദ്യാഭ്യാസ സഹായവും ചികിത്സ സഹായവും നല്‍കി ഒരോ വര്‍ഷവും ജൈത്ര യാത്ര തുടരുകയാണ്. കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് തീര പ്രദേശങ്ങളിലെ ഏതെങ്കിലും സ്കൂളില്‍ ഉച്ച ഭക്ഷണം നല്‍കുവാനുള്ള പദ്ധതിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വ്യക്തമായ ലക്ഷ്യങ്ങളും അതിനനുസരിച്ചുള്ള പ്രവര്‍ത്തന ശൈലിയുമാണ് ഷിക്കാഗോ റീജിയനെ മറ്റുള്ള റീജിയണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിനൊപ്പം ഫോമ ഷിക്കാഗോ റീജിയണ്‍ മുന്‍ ആര്‍വിപി ജോസി കുരിശിങ്കല്‍, ഫോമ മുന്‍ വൈസ് പ്രസിഡന്റ് സ്റാന്‍ലി കളരിക്കമുറി, നാഷണല്‍ കമ്മിറ്റി മെംബര്‍ ബിജി ഫിലിപ്പ്, ജോണ്‍സന്‍ കണ്ണൂക്കാടന്‍, അച്ഛന്‍കുഞ്ഞു മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍